ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് RSS ആണെന്ന് എജി ഹൈക്കോടതിയിൽ

Jaihind Webdesk
Monday, November 19, 2018

ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് ആർ.എസ്.എസ്സാണെന്ന അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശാനുസരണം ശബരിമലയിലെ പോലീസ് നടപടിയെ കുറിച്ച് കോടതിയിൽ വിശദീകരണം നൽകവെയാണ് അഡ്വക്കേറ്റ് ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.

എജിയിൽ നിന്ന് വിശദീകരണം കേട്ട കോടതി കേസിൽ കേന്ദ്രസർക്കാറിനെ കൂടി കക്ഷി ചേർക്കാനും നോട്ടീസയക്കാനും ആവശ്യപ്പെട്ടു. കൂടുതൽ വാദങ്ങൾക്കായി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിവെച്ചു.

ഹൈക്കോടതി പരാമർശത്തോടെ ഹൈക്കോടതിയിൽ നടക്കുന്ന ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാറും നിർബന്ധിതമാകും.

ശബരിമലയിൽ ആർ.എസ്.എസുകാർ തമ്പടിച്ച് പ്രശ്‌നമുണ്ടാക്കുകയാണെന്നും അവിടെ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചത് പ്രതിഷേധക്കാരെന്ന പേരിൽ തമ്പടിച്ച ആർ.എസ്.എസ്. പ്രവർത്തകരാണെന്നും ബോധിപ്പിച്ച എ.ജി എല്ലാ മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ശബരിമലയിൽ എത്തണമെന്ന് നിർദേശിക്കുന്ന ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻെറ സർക്കുലർ ഹൈകോടതിയിൽ സമർപ്പിച്ചു. അതോടൊപ്പം ഇതനുസരിച്ച് ചുമതലപ്പെടുത്തിയ സംഘപരിവാർ നേതാക്കളെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന തെളിവുകളും എ ജി കോടതിക്ക് മുമ്പിൽ ഹാജരാക്കി. തുടർന്ന് ശബരിമലയെ യുദ്ധമുഖമാക്കുന്നതിൽ ഹർജിക്കാർക്കും പങ്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കോടതിയ്ക്ക് വലുത് വിശ്വാസികളുടെ ക്ഷേമമാണെന്നും പ്രായം ചെന്നവരെയും കുട്ടികളെയും ഇറക്കി വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. നെയ്യഭിഷേകത്തിന് ചീട്ട് എടുക്കുന്നവരെ അതു കഴിയാതെ ഇറക്കി വിടരുതെന്നും കോടതി പറഞ്ഞു.

ശബരിമലയിൽ നടന്ന പൊലീസ് നടപടിയെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ശബരിമലയിൽ പൊലീസ് അതിരു കടക്കുന്നുവെന്നും സുപ്രീംകോടതി വിധിയുടെ മറവിൽ പൊലീസ് അതിക്രമം കാണിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് എജി യോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയത്.

https://youtu.be/0QimAj5VrZI