സ്പ്രിങ്ക്ളറിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, April 24, 2020

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ഇടക്കാല ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്. സ്പ്രിങ്ക്ളറിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച അഞ്ച് കാര്യങ്ങൾക്ക് തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് മാന്യതയുണ്ടെങ്കിൽ കരാർ റദ്ദാക്കണം. എന്ത് പ്രതിബദ്ധതയാണ് സ്പ്രിങ്ക്ളറിനോട് സർക്കാരിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കുമ്പോഴും അതിന്‍റെ മറവിൽ നടക്കുന്ന ഡേറ്റാ കൈമാറ്റത്തിനെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പ്രിങ്ക്ളര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം അതീവഗൗരമാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച സുപ്രധാനമായ അഞ്ചു കാര്യങ്ങളില്‍ കോടതി തീര്‍പ്പുണ്ടാക്കിയിരിക്കുന്നു.

“ഒന്ന്, ഡാറ്റായുടെ സുരക്ഷിതത്വം. ആദ്യം മുതലേ ഞങ്ങള്‍ പറഞ്ഞിരുന്നത് അതാണ്. ഡാറ്റായുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

രണ്ട്, വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ അവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാവൂ.  കോടതി അതും അംഗീകരിച്ചു.

മൂന്ന്, കേരള സര്‍ക്കാരിന്റെ എംബ്ലവും ചിഹ്നവും സ്പ്രിങ്ക്ളര്‍ കമ്പനി അവരുടെ പ്രചാരണത്തിന് ഉപയോഗിക്കരുത്. കോടതി അത് അംഗീകരിക്കുകയും  സ്പ്രിംഗ്ളറെ അതില്‍നിന്ന് തടയുകയും ചെയ്തു.

നാല്, ഡാറ്റായുടെ വ്യക്തിഗത രഹസ്യാത്മകത നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. കോടതി അതിനും ഉത്തരവ് നല്‍കി.

അഞ്ച്, അമേരിക്കന്‍ കമ്പനി ശേഖരിച്ച ഡാറ്റാ മറ്റാര്‍ക്കും കൈമാറരുത് എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. കോടതി അതിനും ഉത്തരവ് നല്‍കി.

ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമുണ്ടായിരിക്കുകയാണ്. ഇനി വിശദമായ വാദം കേട്ടിട്ടാവും നടപടി ക്രമങ്ങളിലെ വീഴ്ചയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാവുക.

സര്‍ക്കാരിന് അല്പമെങ്കിലും മാന്യത ഉണ്ടെങ്കില്‍, അന്തസ്സുണ്ടെങ്കില്‍ സ്പ്രിംഗളറുമായുള്ള കരാര്‍ റദ്ദാക്കണം. കോടതിയുടെ പരാമര്‍ശങ്ങളും വാക്കാലുള്ള നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താല്‍ കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ധാര്‍മ്മികമായ അവകാശമില്ല.

സ്പ്രിങ്ക്ളര്‍ ഇല്ലെങ്കില്‍ കോവിഡിനെ നേരിടാന്‍ സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഡാറ്റാ അനാലിസിസിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടും അത് അംഗീകരിച്ചില്ല.

സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയോട് സര്‍ക്കാരിന് ഇത്രമാത്രം പ്രതിബദ്ധത എന്താണുള്ളത്? ബോംബെയില്‍നിന്ന് സര്‍ക്കാര്‍ പ്രത്യേക അഭിഭാഷകയെതന്നെ കൊണ്ടുവന്നു. അവര്‍ക്ക് എത്ര ഫീസ് കൊടുക്കണമെന്ന് പിന്നീട് അറിയാം. ജനങ്ങളോട് ഇല്ലാത്ത ജാഗ്രത എന്തിനാണ് സര്‍ക്കാര്‍ ഈ അമേരിക്കന്‍ കമ്പനിയോട് കാട്ടുന്നത്?

കോടതിയുടെ വാക്കാലുള്ള പരാമര്‍ശനങ്ങളില്‍ ഈ കരാറിനോടുള്ള കോടതിയുടെ അസന്തുഷ്ടി നിറഞ്ഞുനില്ക്കുകയാണ്.

വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോവിഡിന്റെ മറവില്‍ നടന്ന കള്ളക്കളിയും കച്ചവടവും അഴിമതിയും നേരിടാനുള്ള യു.ഡി.എഫിന്‍റെ മുന്നേറ്റം തുടരും.

പല കാര്യങ്ങളിലും ഇനിയും അവ്യക്തത ഉണ്ട്. ധാരാളം ഡാറ്റ സ്പ്രിങ്ക്ളറിന്‍റെ പക്കലെത്തി. അത് എന്തുചെയ്യും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞാന്‍ പരാതിക്കാരനാണ്. എന്‍റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി ഉണ്ടാകും.

ഇടക്കാല വിധിയില്‍ തന്നെ ഇത്രയധികം ഉത്തരവും ഉണ്ടാവുന്നത് അസാധാരണമെന്നാണ് ഞങ്ങളുടെ അഭിഭാഷകര്‍ അറിയിച്ചത്.” – രമേശ് ചെന്നിത്തല പറഞ്ഞു.

ഉത്തരവിന്‍റെ പകര്‍പ്പ്  കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

teevandi enkile ennodu para