ദുബായില്‍ ഇനി റോബോട്ടുകള്‍ ഭക്ഷണം ഡെലിവറി ചെയ്യും; 15 മിനിറ്റിനകം റോബോട്ട് വീട്ടുപടിക്കല്‍!

Elvis Chummar
Wednesday, February 15, 2023

ദുബായ്: ഇനി ഭക്ഷണം ഡെലിവറി ചെയ്യാന്‍ ദുബായില്‍ റോബോട്ടുകളും എത്തുന്നു. ആദ്യഘട്ടത്തില്‍ ദുബായ് സിലിക്കോണ്‍ ഒയാസിസ് മേഖലയിലാണ് റോബോട്ടുകള്‍ പ്രവര്‍ത്തിക്കുക. മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ 15 മിനിറ്റകം റോബോട്ടുകള്‍ ഫുഡ് ഡെലിവറി ചെയ്യും.

ദുബായ് ഗവണ്‍മെന്‍റിന് കീഴിലെ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോണ്‍ അതോറിറ്റിയും ഫുഡ് ഡെലിവറി ആപ്പായ തലാബത്തും സംയുക്തമായാണിത്. ഇതിനായി ‘തലബോട്ടുകള്‍’ രംഗത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായിലെ എല്ലാ ഗതാഗത യാത്രകളും 2030 വര്‍ഷത്തോടെ 25 ശതമാനം സ്മാര്‍ട്ടാക്കുന്നതിന്‍റെയും ഡ്രൈവര്‍ രഹിത സര്‍വീസുകളാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ ശ്രമം.

ഓട്ടോണമസ് ഡെലിവറി റോബോട്ടുകളുടെ ഈ സേവനം ദുബായിക്ക് വലിയ മുതല്‍ക്കൂട്ട് ആകുമെന്നും ഇതുവഴി കാര്‍ബണ്‍ ഉദ്വമനം വലിയ രീതിയില്‍ കുറയ്ക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും നവീകരിക്കാനും ഭാവിയിലെ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനുമുള്ള ഇഷ്ടപ്പെട്ട സ്ഥലമായി ദുബായിയെ മാറ്റുന്നതിന്‍റെ ഭാഗം കൂടിയാണിത്.