റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി മുഹമ്മദ് റിയാസ്

Jaihind Webdesk
Wednesday, September 14, 2022

തിരുവനന്തപുരം:∙ റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍–ആലുവ റോഡ് തകര്‍ന്നതിന്‍റെ കാരണംപരിശോധിക്കും. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പരാമർശിച്ചിരുന്നു.  അശാസ്ത്രീയമായ നിർമാണം കാരണം അപകടങ്ങളില്‍ നിരവധി ജീവനുകളാണ് ദിവസവും പൊലിയുന്നതെന്നും ഇത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശം പോസിറ്റീവായാണ് കാണുന്നതെന്ന് മന്ത്രി പ്രതികരിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റേതല്ലാത്ത റോഡിന്‍റെ കാര്യത്തിലും പഴി കേൾക്കേണ്ടി വരുന്നുണ്ടെന്നും റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. റോഡുകൾ വികസിപ്പിക്കുമ്പോൾ മാത്രമേ ഡിസൈൻഡ് റോഡുകളാക്കാൻ കഴിയൂവെന്നും അതിന് ജനസാന്ദ്രത തടസമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.