ജനതാദള്‍ എസില്‍ കലഹം, സംസ്ഥാനതലത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുന്നു

ജനതാദള്‍ എസില്‍ കലഹം അവസാനിക്കുന്നില്ല. മന്ത്രി സ്ഥാനം വെച്ചുമാറിയതിന് പിന്നാലെ പാര്‍ടി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവിധ ജില്ലകളില്‍ നിന്നും ദേശീയ കമ്മിറ്റിയംഗവും, സംസ്ഥാന നേതാക്കളുമടക്കമുള്ളവരെ പാര്‍ടി വിടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ജനതാദള്‍ എസിന്റെ പ്രസക്തി നഷ്ടമായി എന്നും പാര്‍ട്ടിവിടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥാനമാനങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ സംസ്ഥാന തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കലഹത്തെ തുടര്‍ന്ന് ജനതാദള്‍ എസിലെ ഒരുവിഭാഗം പാര്‍ടി വിടാന്‍ തീരുമാനിച്ചു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാര്‍ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയും, മന്ത്രി സ്ഥാനത്തെച്ചൊല്ലിയുമുള്ള കലഹമല്ലാതെ യാതൊരുവിധ പാര്‍ട്ടി പ്രവര്‍ത്തര്‍ത്തനവും നടക്കുന്നില്ലെന്ന് പാര്‍ട്ടിവിടുന്നവര്‍ ആരോപിക്കുന്നു. ആകെയുള്ള മൂന്ന് എംഎല്‍എമാരെ പിന്തുണക്കുന്നവര്‍ പത്ത് ജില്ലകളില്‍ സമാന്തര കമ്മിറ്റികള്‍ രൂപീകരിച്ച് മൂന്ന് പാര്‍ട്ടി എന്നരീതിയില്‍ പ്രവര്‍ത്തനം നടത്തുകയാണ്. ഇതേതുടര്‍ന്നാണ് വിവിധ ജില്ലകളില്‍ നിന്നും പാര്‍ടി വിടാനൊരുങ്ങുന്നവരുടെ നേതൃയോഗം കോഴിക്കോട് ചേര്‍ന്നത്. ദേശീയ കമ്മിറ്റിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡന്റുമായ പിഎം ജോയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേരാനാണ് ഇവരുടെ തീരുമാനം. സി.പി.എമ്മില്‍ നിന്നും നീതിലഭിക്കില്ല എന്ന ചര്‍ച്ചയെതുടര്‍ന്നാണ് സി.പി.ഐയില്‍ ചേരാന്‍ ഇവര്‍ തീരുമാനിച്ചത്.

മൂന്ന് എം.എല്‍.എമാരും മൂന്ന് വ്യത്യസ്ത ദിശകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമോ, നേതൃത്വമോ ഇല്ലാത്ത അവസ്ഥയിലാണ് ജനതാദള്‍ എസ് മുന്നോട്ടുപോകുന്നത്. മാത്യു ടി തോമസില്‍ നിന്നും മന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയ കെ.കൃഷ്ണന്‍കുട്ടി നിലവില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം തുടരുകയാണ്. സി.കെ. നാണു എം.എല്‍.എ പാര്‍ടി പ്രസിഡന്റാവാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പുമായി നീലലോഹിത ദാസന്‍ നാടാര്‍ രംഗത്തുണ്ട്. എന്തായാലും മന്ത്രിസ്ഥാനത്തെചൊല്ലി ഉടലെടുത്ത തര്‍ക്കം ജനതാദള്‍ എസില്‍ വലിയൊരുവിഭാഗം പാര്‍ടിവിടുന്ന സാഹചര്യത്തിലേക്കെത്തി നില്‍ക്കുന്നു.

Comments (0)
Add Comment