റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ, പിടികൂടിയത് മുഖ്യഇടനിലക്കാരെ

തിരുവനന്തപുരം:  തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്ക് നടത്തിയ മനുഷ്യക്കടത്തില്‍ രണ്ട് പേർ അറസ്റ്റില്‍. സിബിഐ ഡല്‍ഹി യൂണിറ്റാണ് ഇടനിലക്കാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഠിനംകുളം സ്വദേശകളായ അരുണ്‍, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്കെത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്‍റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്സിന്‍റെ ബന്ധുവാണ്. പ്രിയന്‍ ആറു ലക്ഷത്തോളം രൂപ റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് കെെപ്പറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിനും പ്രിയന്‍ നേതൃത്വം നല്‍കി. റഷ്യയില്‍ നിന്നും നാട്ടിലേക്കെത്തിയവർ പ്രിയനെതിരെ സിബിഐക്ക് മൊഴി നല്‍കിയിരുന്നു.  ഇതെതുടർന്നാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായവരില്‍ നിന്നാണ് സിബിഐക്ക് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോവുകയം ഇവരെ പിന്നീട് കബളിപ്പിച്ച് സൈന്യത്തിൽ ചേർക്കുകയുമായിരുന്നു. സ്വകാര്യ സർവകലാശാലകളിൽ കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും കടത്തിയിട്ടുണ്ട്.

Comments (0)
Add Comment