ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ കാലം ചെയ്തു

 

പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (74) കാലം ചെയ്തു. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമാണ് മാർ അത്തനേഷ്യസ് യോഹാൻ. മാർത്തോമ്മ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്‌ത്രപഠനത്തിനായി പോയി. ജർമ്മൻ സുവിശേഷകയായ ഗിസിലയെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

ലത്തൂരിലും ഒഡീഷയിലും ഗുജറാത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. 52 ബൈബിള്‍ കോളജുകള്‍ ആരംഭിച്ചു, തിരുവല്ലയില്‍ 200 ഏക്കര്‍ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. 1979-ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്ക് രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1999ൽ ബിലീവേഴ്സ് സഭയ്ക്കു രൂപം നൽകി. 2003-ൽ സ്ഥാപകബിഷപ്പായി. മുന്നൂറോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Comments (0)
Add Comment