കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ക്യാമറാമാൻ മുകേഷിന്‍റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം:  ദൃശ്യം പകര്‍ത്തുന്നതിനിടെ  കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടിവി പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ.വി. മുകേഷിന്‍റെ  ദാരുണാന്ത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അതിജീവനത്തിനായി നിരന്തരം പോരാടേണ്ടി വരുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതകഥകൾ വരച്ചിട്ട ‘അതിജീവനം’ എന്ന കോളം മുകേഷിന്റെ ജീവിത ദർശനത്തിന്‍റെയും അടയാളപ്പെടുത്തൽ കൂടിയാണ്. എ.വി.മുകേഷിന്‍റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇന്ന് രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. രണ്ട് ആനകൾ അടുത്തേക്ക് വരുന്നത് കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുത്തുള്ള മരക്കൊമ്പിൽ തട്ടി മുകേഷ് നിലത്ത് വീണു. പിന്നാലെ എത്തിയ ആന മുകേഷിന്‍റെ തുടയിൽ ചവിട്ടി പരിക്കേൽപ്പിച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments (0)
Add Comment