വഴിയടച്ച് സിപിഎം കൊടിമരം; പിഴുതെറിഞ്ഞ് നാട്ടുകാർ | VIDEO

 

ആലപ്പുഴ: വീടുപണി തടസപ്പെടുത്തി സിപിഎം സ്ഥാപിച്ച കൊടിമരം പിഴുതെറിഞ്ഞ് നാട്ടുകാർ. സിപിഎം കൗണ്‍സിലറിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരമാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞത്.  തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരേയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്‌ക്ക് സമീപമാണ് സംഭവം.

വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടി നാട്ടിതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളുടെ നേതൃത്വത്തിലെത്തിയ സംഘം കൊടി പിഴുതുമാറ്റിയത്. കൗണ്‍സിലര്‍ എത്തി കൊടി പിഴുതുമാറ്റുന്നത് തടയാന്‍ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. ഇതോടെ പോലീസ് ഇടപെട്ട് ഇരുവിഭാഗവുമായും ചർച്ച നടത്തി. നഗരസഭ 15-ാം വാര്‍ഡില്‍ വെളിഞ്ഞാട്ടുചിറവീട്ടില്‍ അഞ്ജലിക്കാണ് വീടു നിര്‍മ്മിക്കുന്നത്. ഇവരുടെ പറമ്പിന്‍റെ കിഴക്കേ അതിര്‍ത്തിയിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് കൗണ്‍സിലറും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും സ്ഥലം ആവശ്യപ്പെട്ടിരുന്നു. ഇതേ വഴിക്കായി മുമ്പ് സ്ഥലം കൊടുത്തിരുന്നതിനാല്‍ വീട്ടുകാര്‍ കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. റോഡിനായി പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സിപിഎമ്മുകാര്‍ കൂട്ടാക്കിയില്ല. ഇതിന്‍റെ വൈരാഗ്യത്തിലാണ് 2023 ഒക്ടോബര്‍ 27ന് അഞ്ജലി വീട് നിര്‍മ്മിക്കുന്ന സ്ഥലത്തിന് മുന്നില്‍ സിപിഎമ്മുകാര്‍ കൊടി നാട്ടിയത്. ഇതോടെ ഇവിടേക്ക് ഒരു വാഹനം പോലും കടക്കാന്‍ കഴിയാത്ത സ്ഥിതിയായി. കൊടിമരം നിൽക്കുന്നതിനാൽ നിർമ്മാണ വസ്തുക്കൾ എത്തിക്കാനാകാതെ വന്നതോടെ വീട് നിർമ്മാണം മുടങ്ങി.

പാർട്ടി നേതാക്കള്‍ക്കുള്‍പ്പെടെ എല്ലാവർക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ അഞ്ജലിയുടെ അമ്മാവനായ പുരുഷോത്തമൻ കൊടിമരം സ്ഥാപിച്ചിരിക്കുന്നതിനോട് ചേർന്നുള്ള കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് റവന്യൂ വകുപ്പിന് പരാതി നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ പരാതി നല്‍കി. ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഇപ്പോള്‍ സ്ത്രീകളുടെ നേതൃത്വത്തിലെത്തിയ സംഘം കൊടിമരം പിഴുതുമാറ്റുകയായിരുന്നു.

Comments (0)
Add Comment