‘സംഗീത് ശിവന്‍റെ വേർപാട് തീർത്ത ശൂന്യത മലയാള സിനിമയ്ക്ക് നികത്താൻ കഴിയാത്തത്’: കെ.സി.വേണുഗോപാല്‍

 

 

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍റെ വേർപാടില്‍ അനുശോചനം അറിയിച്ച്  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സംഗീത് ശിവന്‍റെ വേർപാട് തീർത്ത ശൂന്യത മലയാള സിനിമയ്ക്ക് നികത്താൻ കഴിയാത്തതാണ്. മലയാള സിനിമാ ആഖ്യാന ശൈലിയെ ഒരേ സമയം ജനപ്രിയമാക്കിയും കഥാമൂല്യമുള്ളതാക്കിയും നിലനിർത്തിയ കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷക മനസ് കീഴടക്കാൻ കഴിഞ്ഞ സംഗീത് ശിവന്‍റെ സാന്നിധ്യം ഇനിയുമേറെ മലയാള സിനിമ ആഗ്രഹിച്ചിരുന്നു. ദൗർഭാഗ്യവശാൽ ഇനിയതുണ്ടാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

അരിശുമ്മൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനുമെല്ലാം മലയാളികൾക്ക് അത്രമേൽ സുപരിചിതരാണ്. യോദ്ധയും ​ഗാന്ധർവവും നിർണയവുമൊക്കെ അത്രത്തോളം നമുക്ക് പ്രിയപ്പെട്ടതാണ്. ഇങ്ങനെ മനസ്സിൽക്കയറിക്കൂടിയ ഏറെ കഥാപത്രങ്ങളും സിനിമകളും നമുക്ക് നൽകിയ സംഗീത് ശിവൻ എന്ന സംവിധായകൻ നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു.

മലയാള സിനിമാ ആഖ്യാന ശൈലിയെ ഒരേ സമയം ജനപ്രിയമാക്കിയും കഥാമൂല്യമുള്ളതാക്കിയും നിലനിർത്തുകയെന്നത് അപൂർവമാണ്. അതിന് കഴിഞ്ഞ പ്രിയപ്പെട്ട കലാകാരൻ സംഗീത് ശിവന്റെ വേർപാട് തീർത്ത ശൂന്യത മലയാള സിനിമയ്ക്ക് നികത്താൻ കഴിയാത്തതാണ്.സിനിമാകുടുംബത്തിൽ നിന്നുമാണ് സംഗീത് ശിവൻ്റെ വരവ്. ഹരിപ്പാട് സ്വദേശികളാണ് മാതാപിതാക്കളായ ചന്ദ്രമണിയും പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായിരുന്ന ശിവൻ ചേട്ടനും. വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തന കാലം മുതൽ എനിക്ക് വ്യക്തിപരമായി ശിവേട്ടനുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധമുണ്ടായിരുന്നു. ലീഡറുമായി ആത്മബന്ധമുണ്ടായിരുന്നു ശിവേട്ടന്. അതുവഴി ഞങ്ങളും അടുത്തു . അതുകൊണ്ടുതന്നെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഈ വിയോഗം. അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷക മനസ് കീഴടക്കാൻ കഴിഞ്ഞ സംഗീത് ശിവന്‍റെ സാന്നിധ്യം ഇനിയുമേറെ മലയാള സിനിമ അറിയിച്ചിരുന്നു. ദൗർഭാഗ്യവശാൽ അതുണ്ടാവില്ല. ഏറെ നേട്ടങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ വ്യക്തിക്ക് കൂടിയാണദ്ദേഹം. യോദ്ധയിലൂടെ എ.ആർ. റഹ്മാനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് സം​ഗീത് ശിവനാണ് എന്നത് ഏറെ അഭിമാനകരമാണ്. മലയാളത്തിനപ്പുറത്തേക്കും വളർന്ന സംവിധായകനായിരുന്നു സംഗീത്. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രം ഒരുക്കികൊണ്ട് ബോളിവുഡിൽ എത്തി. രോമാഞ്ചം ഹിന്ദിയിൽ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് സംഗീതിന്റെ അപ്രതീക്ഷിത വിയോഗം.

സമാനതകളില്ലാത്ത കലാജീവിതം മലയാളിമനസ്സിൽ എക്കാലവും നിലനിൽക്കും. ഏറെ പ്രിയപ്പെട്ട സംഗീത് ശിവന് ആദരാഞ്ജലികൾ.

Comments (0)
Add Comment