‘ചെയ്തതിന്‍റെ ഗുണങ്ങളാണ് തിരികെ ലഭിക്കുന്നത്’ ; സുധാകരന് മറുപടി കവിതയുമായി ഡിവൈഎഫ്ഐ നേതാവ്

Jaihind Webdesk
Sunday, August 8, 2021

ആലപ്പുഴ : പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധിച്ച  മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് ഡിവൈഎഫ്‌ഐ നേതാവിന്‍റെ മറുപടി കവിത. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നുമായിരുന്നു കവിതയിലൂടെ സുധാകരന്‍ പറഞ്ഞത്.

ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖലാ പ്രസിഡന്‍റ്  അനു കോയിക്കല്‍ ഇതിന് മറുപടി കവിതയുമായി രംഗത്തെത്തി. ‘ഞാന്‍’ എന്ന പേരിലാണ് ജി സുധാകരന്‍റെ പേര് പരാമര്‍ശിക്കാതെയുള്ള കവിത അനു ഫേസ്ബുക്കില്‍ കുറിച്ചത്. ‘നാം ചെയ്തതിന്‍റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യ’മെന്നായിരുന്നു മറുപടി കവിത. ഇതോടെ കവിതാ വിവാദം സിപിഎമ്മില്‍ ചൂടുപിടിക്കുകയാണ്.

 

അനു കോയിക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

ഞാന്‍

ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍ ……
തിരിച്ചെനിക്കൊ….നന്ദിയില്ലാ മുഖങ്ങള്‍ മാത്രം …
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍ ….
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍ …. 
പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു ….
അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു …
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍ ….
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത് 
കാലത്തിനനുസൃത മാറ്റമെന്നെന്തെ  ഓര്‍ത്തില്ല ഞാന്‍ …..
ഞാന്‍ ചെയ്വതിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ …
എന്നിലെത്തുമെന്നതു മാത്രം സത്യം.