നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവെച്ചില്ലെങ്കില്‍ റവന്യു റിക്കവറി : മരടില്‍ താക്കീതുമായി സുപ്രീം കോടതി

Jaihind News Bureau
Tuesday, February 9, 2021

ന്യൂഡല്‍ഹി : മരട് ഫ്ലാറ്റ് നിര്‍മാതാക്കൾക്ക് താക്കീതുമായി സുപ്രീം കോടതി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവെക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കെട്ടിവെച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. നിലപാട് അറിയിക്കാന്‍ ഫ്ലാറ്റ് നിർമാതാക്കള്‍ക്ക് ഒരാഴ്ച സമയം നല്‍കി

ഫ്‌ളാറ്റ് ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മ്മാതാക്കളും കൂടി നല്‍കേണ്ടത് 115 കോടി രൂപയാണ്. ഇതില്‍  62 കോടി രൂപ സർക്കാർ അടിയന്തര സഹായമായി കൈമാറിയെന്ന് നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിച്ചിരുന്നു. ഫ്ലാറ്റ് പൊളിച്ചതിന് ചെലവായ മൂന്നേകാൽ ലക്ഷം രൂപയും നിർമാതാക്കളിൽനിന്ന് ഈടാക്കി നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്ര വലിയ തുക കൈമാറാനാവില്ല എന്ന നിലപാടാണ് ഫ്ലാറ്റുടമകൾ കോടതിയെ അറിയിച്ചത്.

നഷ്ടപരിഹാരയിനത്തില്‍ നിർമാതാക്കളില്‍ നിന്ന് ഇതുവരെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. 15.5 കോടി നല്‍കേണ്ട ജയിന്‍ ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്. 9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്‍റെ നിര്‍മാതാക്കള്‍ നല്‍കിയത് 2.89 കോടി രൂപ മാത്രം. 17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്‍, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത് എന്നിവ ഇതുവരെ ഒന്നും നല്‍കിയിട്ടില്ല. ലഭിച്ച തുകയില്‍ 12030000 രൂപ കമ്മിറ്റിയുടെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയില്‍ 3.75 കോടി രൂപ സ്ഥിരനിക്ഷേപം ആയി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു.

അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കില്‍ റവന്യു റിക്കവറിയിലേക്ക് കടക്കുമെന്ന് സുപ്രീം കോടതി താക്കീത് നല്‍കി. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ കഴിഞ്ഞ ജനുവരിയാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം പൊളിച്ചുനീക്കിയത്.