അദാനിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരം: കെ.സി വേണുഗോപാല്‍ എംപി | VIDEO

Jaihind Webdesk
Sunday, March 19, 2023

 

പാലക്കാട്: അദാനിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭയപ്പെടുത്തുന്ന രീതിയിലാണ് നരേന്ദ്ര മോദി ഭരണം നടത്തുന്നത്. സര്‍ക്കാരിന് എല്ലാവരെയും പേടിയാണ്. അതുകൊണ്ടാണ് എതിര്‍ക്കുന്നവരെ വേട്ടയാടാനായി ഇഡിയെയും സിബിഐയെയുമെല്ലാം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്‍റെ കാര്‍ബണ്‍ പതിപ്പാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍. സിപിഎമ്മിനെയാണ് കേന്ദ്രം വേട്ടയാടുന്നത് എന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന ഏറ്റവും വലിയ തമാശകളിലൊന്നാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കും സിപിഎമ്മിനും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ, എംപിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍, തുടങ്ങിയവർ സംസാരിച്ചു.