തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്‍റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

Jaihind News Bureau
Thursday, July 30, 2020

തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്‍റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, കൊവിഡ് ലക്ഷണങ്ങൾ ഉള്ള രോഗികളെ വീടുകളിൽ ചികിത്സിക്കാൻ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി.

തിരുവനന്തപുരം കണ്ടെയിന്‍മെന്‍റ് സോണിൽ കർശന നിയത്രണം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെടുമങ്ങാട് ആര്യനാട് , പൂവച്ചല്‍ , ബാലരാമപുരം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലെ വാർഡുകിൽ നിയന്ത്രണം ഉണ്ട്. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. എല്ലാ കണ്ടെയിന്‍മെന്റ് സോണുകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കാൻ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച, എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവർത്തകർക്കാണ് അനുമതി. സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കൽ ബോർഡും നേരത്തെ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് വിദഗ്ദധ നിർദ്ദേശം. വീടുകളിൽ ചികിത്സയിൽ കഴിയാനാഗ്രഹിക്കുന്ന കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ ഇത് സംബന്ധിച്ച് എഴുതി നൽകണം. വീട്ടിൽ സൗകര്യം ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കണം. വരും ദിവസങ്ങളിൽ രോഗലക്ഷണമില്ലാത്ത മറ്റ് കൊവിഡ് രോഗികളെ കൂടി വീടുകളിൽ കഴിയാൻ അനുവദിച്ചേക്കും.