ആശ്വാസ വാര്‍ത്ത; തിരുവനന്തപുരത്തു കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് ‌നിന്ന് കണ്ടെത്തി

Jaihind Webdesk
Wednesday, August 21, 2024

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ 33 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി.

ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.

അസം സ്വദേശിനി നേരത്തെ ചെന്നൈയിലെത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. കന്യാകുമാരിയിൽ നിന്നാണ് കുട്ടി ചെന്നൈയിലെത്തിയത്. തുടർന്നായിരുന്നു അടുത്ത യാത്ര. ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്‍റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.