ആരോഗ്യ ഇന്‍ഷുറന്‍സ് സൈറ്റിലെ സുരക്ഷാ വീഴ്ച ആശങ്കപ്പെടുത്തുന്നത്, ഉത്തരവാദികള്‍ക്കെതിരെ നടപടി വേണം: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, June 12, 2019

Ramesh-Chennithala

തിരുവനന്തപുരം:    സംസ്ഥാന സര്‍ക്കാര്‍   ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്‍റെ  വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതില്‍   സുരക്ഷാ വീഴ്ചയുണ്ടായെന്ന വാര്‍ത്ത ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോഡല്‍  ഓഫീസറുടെ ലോഗ് ഇന്‍ ഐഡിയും പാസ് വേര്‍ഡും സുരക്ഷിതമാക്കി വക്കേണ്ട ചുമതല ബന്ധപ്പെട്ടവര്‍ക്കാണ്. എല്ലാ ജീവനക്കാര്‍ക്കും ലോഗ് ഇന്‍ ഐഡിയും പാസ് വേര്‍ഡും  നല്‍കിയതോടെ   അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട  ജീവനക്കാരുടെ നിര്‍ണ്ണായകമായ വ്യക്തിവിവരങ്ങള്‍ ആര്‍ക്കും  ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ  മാതൃകാപരമായ നടപടികള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വകാര്യ കുത്തക കമ്പനിയായ   റിലയന്‍സിനെ  ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തിപ്പിന്‍റെ   ചുമതല ഏല്‍പിച്ചപ്പോള്‍ നിര്‍ണായകമായ വ്യക്തിവിവരങ്ങള്‍ പുറത്തുള്ളവര്‍ക്ക് ലഭ്യമാകുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിപക്ഷം ആശങ്കപ്പെട്ടതാണ്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോയ സര്‍ക്കാര്‍   ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ നടത്തിപ്പ് റിലയന്‍സിനെ തന്നെ ഏല്‍പിക്കുകയായിരുന്നു.  സര്‍ക്കാര്‍  ജീവനക്കാരും, പെന്‍ഷന്‍കാരുമായി പതിനൊന്ന് ലക്ഷം പേരുടെ വ്യക്തിവിവരങ്ങളാണ് ഇതു വഴി റിലയന്‍സിന് ലഭിച്ചത്.

വ്യക്തിവിവരങ്ങള്‍  പുറത്ത് ലഭ്യമാകുന്നത് ഗുരുതരമായ സ്ഥിതി വിശേഷം    ഒരേ സമയം സാമൂഹ്യവും, നിയമപരവുമായ   വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. മാത്രമല്ല  കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണിത്. സ്വകാര്യത മൗലികാവകാശമാക്കിയ രാജ്യത്ത് വ്യക്തിവിവരങ്ങള്‍ ഒട്ടും അവധാനതയില്ലാതെ കൈകാര്യം ചെയ്തത് സര്‍ക്കാരിന്‍റെയും ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.