പ്രഖ്യാപനങ്ങളുമായി ആർ.ബി.ഐ ; റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി കുറച്ചു

Jaihind News Bureau
Friday, April 17, 2020

 

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. റിപ്പോ നിരക്കില്‍ മാറ്റമില്ല. രാജ്യത്തെ സാമ്പത്തിക മേഖലയിലെ സ്ഥിതി ഗുരുതരമാണെന്ന് ആര്‍.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

നിലവിലുള്ള വായ്പകൾക്ക് അനുവദിച്ച മൊറട്ടോറിയത്തിന് 90 ദിവസത്തെ എൻ‌പി‌എ മാനദണ്ഡം ബാധകമാവില്ല. കൊവിഡ് -19 പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബാങ്കുകൾ കൂടുതൽ ലാഭവിഹിതം നൽകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

സാമ്പത്തിക മേഖലക്ക് ഊര്‍ജം പകരാനുള്ള നടപടികള്‍ സംബന്ധിച്ചും ശക്തികാന്ത ദാസ് സൂചിപ്പിച്ചു.  പണ ലഭ്യത ഉറപ്പാക്കുക, വായ്പാ ലഭ്യത ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു.

ചെറുകിട ഇടത്തരം മേഖലകൾക്കായി 50,000 കോടി രൂപ. റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ആയി കുറച്ചു.
സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട് തുടങ്ങി സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാനുള്ള നടപടികളും പ്രഖ്യാപിച്ചു.