ശിശുദിന സ്റ്റാമ്പുകളുടെ ശേഖരവുമായി ഒരു അധ്യാപകന്‍

Jaihind News Bureau
Saturday, November 14, 2020

ശിശുദിനത്തോടനുബന്ധിച്ച് ഇറങ്ങിയ മുഴുവന്‍ സ്റ്റാമ്പുകളുടെയും ശേഖരവുമായി ഒരു അധ്യാപകന്‍. കുറ്റ്യാടി സ്വദേശി സി.വി കുഞ്ഞബ്ദുല്ലയാണ് നവംബർ 14 ചാച്ചാജിയുടെ ജന്മദിനം ശിശുദിനമായി ആചരിക്കാൻ തുടങ്ങിയതു മുതലുള്ള മുഴുവൻ സ്റ്റാമ്പുകളും സൂക്ഷിക്കുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. 1957ൽ ആദ്യ ശിശുദിനം രാജ്യം ആചരിച്ചതു മുതൽ കഴിഞ്ഞ വർഷം വരെ 70 സ്റ്റാമ്പുകളാണ് ശിശുദിനങ്ങളിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഇവയെല്ലാം സി.വി കുഞ്ഞബ്ദുല്ല എന്ന ഈ റിട്ടയേർഡ് അധ്യാപകന്‍റെ കൈവശമുണ്ട്. കൂടുതലും കുട്ടികൾ വരച്ച ചിത്രങ്ങളാണ് സ്റ്റാമ്പുകളിൽ.

പ്രൈമറി പഠനകാലം തൊട്ടു തുടങ്ങിയതാണ് സി.വി കുഞ്ഞബ്ദുല്ലയുടെ സ്റ്റാമ്പ് ശേഖരണം. കേവലം കൗതുകത്തിനു തുടങ്ങി ഇപ്പോള്‍ സ്റ്റാമ്പുകളുടെ വിശാലമായ ശേഖരം സൂക്ഷിക്കുന്നു ഇദ്ദേഹം. ഇന്ത്യന്‍ തപാല്‍ വകുപ്പു പുറത്തിറക്കിയ 90 ശതമാനം സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. കൂടാതെ ആയിരക്കണക്കിന് വിദേശ സ്റ്റാമ്പുകളും. അറിയപ്പെടുന്ന ക്വിസ് മാസ്റ്റര്‍ കൂടിയാണ് സി.വി കുഞ്ഞബ്ദുല്ല.