രമേശ് ചെന്നിത്തലയുടെ പുസ്തകം നവംബര്‍ 12 ന് ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല പ്രകാശനം ചെയ്യും

JAIHIND TV DUBAI BUREAU
Tuesday, November 8, 2022

അഴിമതിയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടത്തിന്‍റെ കുറിപ്പുകള്‍ പുസ്തകമായി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യുന്നു. ‘കടന്നുപോകും അഴിമതിയുടെ ഈ ദുരിതകാലവും’ എന്ന പേരിലാണ് ഈ പുസ്തകം.

നവംബര്‍ 12 ന് ശനി രാത്രി എട്ടിന് ഷാര്‍ജ എക്സ്പോ സെന്‍ററിലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പുസ്തക പ്രകാശനം. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പ്രകാശനം നിര്‍വഹിക്കും. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ആദ്യ പ്രതി ഏറ്റുവാങ്ങും. ഷാര്‍ജ മുനിസിപ്പാലിറ്റി സര്‍വീസസ് മേധാവി അഹമ്മദ് അല്‍ ജാസ്മി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ധീന്‍, ഷാര്‍ജ സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് ഡയറക്ടര്‍ വി ടി സലീം, യുഎഇയിലെ എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആര്‍ ഹരികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പുസ്തക പ്രസാധകരായ ഹരിതം ബുക്സ് ഉടമ പ്രതാപന്‍ തായാട്ട് ആമുഖ പ്രസംഗം നടത്തും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അഴിമതിയ്ക്കെതിരെ നടത്തിയ സമരപോരാട്ടങ്ങളാണ് പുസ്തകത്തിലെ കുറിപ്പുകള്‍. ഇപ്രകാരം, കേരള രാഷ്ട്രീയത്തിലെ ഒരു ദശാസന്ധിയുടെ അടയാളപ്പെടുത്തലാണ് 146 പേജുള്ള ഈ പുസ്തകം.