ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും എതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Jaihind News Bureau
Wednesday, November 6, 2019

Ramesh-chennithala10

തിരുവനന്തപുരം : ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതിയില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. 2018 ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു ഗവര്‍ണറുടെ അനുമതി ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

കോട്ടയം ലൈന്‍സ് പാക്കേജിന്‍റെ നടത്തിപ്പിനായി എല്‍.ആന്‍.ടി.കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 210 കോടി രൂപയ്ക്കു പദ്ധതി അനുവദിക്കുന്നതിന് പകരം 129 കോടി അധികമായി നല്‍കിയതിലും, കോലത്തുനാട് ലൈന്‍സ് പാക്കേജിന്‍റെ നടത്തിപ്പിനായി എല്‍.ആന്‍.ടി. കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 240 കോടി രൂപയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് പകരം 132 കോടി അധികമായി നല്‍കിയതിലും വന്‍ അഴിമതി ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്