ജൂലായ് 30 ന് അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 26, 2020

തിരുവനന്തപുരം:    ജൂലായ്  30 കാലാവധി അവസാനിക്കുന്ന  നിരവധിയായ  പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി   ഒരു  പ്രാവശ്യം കൂടി നീട്ടിക്കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.  അനേകം  പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ്  ഈ മാസം 30 ന് അവസാനിക്കുന്നത്.   രണ്ട് തവണ റാങ്ക് ലിസ്റ്റകളുടെ കാലാവധി നീട്ടിയിരുന്നെങ്കിലും  കൊറോണ  വ്യാപനത്തെത്തുടര്‍ന്നുള്ള  ലോക്ഡൗണിനെ തുടര്‍ന്ന്  നിയമനങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഈ വര്‍ഷം വിരമിക്കലിന് തയ്യാറെടുക്കുന്നത്.  മാത്രമല്ല  കഴിഞ്ഞ  മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിരവധി   ഉദ്യോഗസ്ഥര്‍ വിരമിക്കുകയും ചെയ്തു. ഇവര്‍ക്ക്  പകരമായി ഈ റാങ്ക് ലിസ്റ്റുകളില്‍ നിന്ന്  കാര്യമായ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല.  പി എസ് സി  യില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനെക്കാള്‍ സര്‍ക്കാരിന് താല്‍പര്യം കരാര്‍ നിയമനങ്ങള്‍ക്കാണ് എന്നത്  ഈ റാങ്ക്  ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

പൊലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ അടിയന്തിര സര്‍വ്വീസുകളിലൊന്നും തന്നെ പുതിയ നിയമനങ്ങള്‍ നടന്നിട്ടില്ല.  സര്‍ക്കാര്‍  കോളജുകളിലെ  ഒഴിവുള്ള ഇംഗ്‌ളീഷ് അധ്യാപകരുടെ പോസ്റ്റുകളിലേക്കും നാമമാത്രമായ നിയമനങ്ങളേ ഇതുവരെ നടന്നിട്ടുള്ളു.  ഇത്  ഇത്തരം  വകുപ്പുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കാന്‍ സാധ്യതയുണ്ട്.   ഈ വകുപ്പുകളിലുള്ള റാങ്ക് ലിസ്റ്റുകളടെ കാലാവധിയും അവസാനിക്കുകയാണ്. അത്  കൊണ്ട് അടിയന്തിരമായി ഒരിക്കല്‍ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയും  നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയും വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.