റബ്‌കോയുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും : രമേശ് ചെന്നിത്തല

കേരളാ ബാങ്കിന്‍റെ രൂപീകരണത്തിന്‍റെ പേരില്‍ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്‌കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ തിരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അതില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളാ ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണ ബാങ്കിന്‍റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ്വ് ബാങ്കിന്‍റെ നിര്‍ദേശത്തിന്‍റെ മറപിടിച്ചാണ് സിപിഎം നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘം മാത്രമായ റബ്‌കോയുടെ 238 കോടി കടം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തിരുമാനിച്ചത്. രൂപീകരണത്തിന് ശേഷം ഇന്നേവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്‌കോ.

അഞ്ച് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി ബാങ്കായ റബ്‌കോയ്ക് നല്‍കിയത്. ഒരു പൈസ പോലും പലിശയിനത്തില്‍ തിരിച്ചടിച്ചില്ല. സി പി എം ഭരണത്തില്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നല്‍കിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു റബ്‌കോയുടെ ആദ്യത്തെ ചെയര്‍മാന്‍. സി പി എം നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയിട്ടും നല്‍കിയ കടത്തില്‍ നിന്നും ഒരു രൂപ പോലും ഈടാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കോ സര്‍ക്കാരോ ശ്രമിച്ചില്ല. റബ്‌കോ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല. അത്തരത്തില്‍ സി പി എമ്മിന്‍റെ കെടുകാര്യസ്ഥത മൂലം തകര്‍ച്ച നേരിടുന്ന ഒരു സ്ഥാപനത്തിനെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ടു പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണ്.

പ്രളയത്തിന് നടുവില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി ധൂര്‍ത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത്. മാര്‍ക്കറ്റ് ഫെഡിനും റബര്‍മാര്‍ക്കിനും ഉള്ള 29 കോടി രൂപ കുടിശിക ഏറ്റെടുക്കാനുള്ള തീരുമാനം ഇതുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല. കാരണം ഇവ രണ്ടും സഹകരണ ഫെഡറേഷനും, റബ്‌കോ ഒരു പ്രൈമറി സഹകരണ ബാങ്കുമാണ്. മാര്‍ക്കറ്റ് ഫെഡിനും, റബര്‍മാര്‍ക്കിനും വിപണയില്‍ ഇടപെടുന്നതിനും, കര്‍ഷകരെ സഹായിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ കൊടുക്കാനുള്ള പണമാണ് അവരുടെ കുടിശിക ഇനത്തില്‍ പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതും സി പി എം നിയന്ത്രണത്തിലുള്ള, തുടങ്ങിയത് മൂതല്‍ നഷ്ടം മാത്രമുള്ള ഉല്‍പ്പാദക സ്ഥാപനമായ റബ്‌കോയും തമ്മില്‍ ബന്ധപ്പെടുത്തുന്നത് തെറ്റാണ്. സഹകരണ ഓഡിറ്റര്‍ നടത്തിയ പരിശോധനയിലും റബ്‌കോയില്‍ 330 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു സ്ഥാപനത്തില്‍ അതിന്റെ തലപ്പത്തിരിക്കുന്ന സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയില്‍ ഉണ്ടായ വന്‍ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment