‘പ്രത്യേക മാനസികാവസ്ഥ മുഖ്യമന്ത്രിക്ക്’ ; കൊവിഡ് പ്രതിരോധം സമ്പൂർണ്ണ പരാജയം, രോഗികളെ വീട്ടില്‍ ചികിത്സിക്കാനുള്ള നീക്കം ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്മാറ്റമെന്നും രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, July 30, 2020

 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനം സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല.
തുടക്കം മുതൽ പരിമിതികളാണ് വിലയിരുത്തുന്നത്. മുഖ്യമന്ത്രിക്കാണ് പ്രത്യേക മാനസിക അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയായി പറഞ്ഞു. രോഗലക്ഷണം ഇല്ലാത്ത രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കാനുള്ള സർക്കാർ തീരുമാനം ഉത്തരവാദിത്വത്തിൽ നിന്നുള്ള പിന്മാറ്റമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ് .

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്‍റെ പ്ലാനുകളൊന്നും ഇപ്പോൾ പ്രവൃത്തി പഥത്തിത്തില്ല. കൊട്ടിഘോഷിച്ച കേരള മോഡൽ തകർന്നടിഞ്ഞു. ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ധാരാവി മോഡൽ ആണെന്നാണ് ആക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗികളെ വീട്ടിൽ ചികിത്സിക്കും എന്ന് പറയുന്നതല്ലാതെ  ആര് ചികിത്സിക്കും എന്നതിനോ എങ്ങനെ ചികിത്സ ഉറപ്പാക്കുമെന്നതിനോ ഉത്തരമില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രോഗം വരാതെ നോക്കാനുള്ള ഉത്തരവാദിത്വവും രോഗം പടരാതിരിക്കാനുള്ള ഉത്തരവാദിത്വവും രോഗം ചികിത്സിക്കാനുള്ള ഉത്തരവാദിത്വവും ഇപ്പോൾ ജനങ്ങൾക്കാണ്. രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാനുള്ള സർക്കാരിന്‍റെ തീരുമാനം ഉത്തരവാദിത്വത്തിൽ നിന്നുള്ള പിന്മാറ്റമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് രോഗം ക്രമസമാധാന പ്രശ്നമായി മാറി എന്നും നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് മാത്രമാകരുത് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിൽ നിൽക്കുമ്പോൾ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് യു.ഡി.എഫ് തയാറെടുക്കുന്നത്. ഓഗസ്റ്റ് മൂന്നിനും പത്തിനും കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് ഓൺലൈനിൽ സമരപരിപാടികൾ നടക്കും. മുഖ്യമന്ത്രിയെ ആരെങ്കിലും എതിർത്താൽ അവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയാണ് എന്ന് അദ്ദേഹം പറയാറ്. മുമ്പ് വി.എസ് അച്യുതാനന്ദനെ പറ്റിയും ഇതാണ് ആലപ്പുഴയിൽ പറഞ്ഞത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആറുമാസത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിനെതിരെയുള്ള സമരപരിപാടികളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ചുമാണ് ഇന്ന് യു.ഡി.എഫ് യോഗം ചർച്ച ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.