പാലസ്തീന്‌ എതിരായി ഇസ്രയേലിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത് രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് എതിര്: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 15, 2019

Ramesh-Chennithala-Jan-15

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന്‌ എതിരായി ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് ദശാബ്ദങ്ങളായി പിന്തുടരുന്ന നമ്മുടെ നയത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പാലസ്തീന്‍ പ്രശ്നത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇന്ത്യയുടെ സുവ്യക്തമായ നയം ഏകപക്ഷീയമായിട്ടാണ് മോദി സര്‍ക്കാര്‍ മാറ്റിയത്. ഇത് നമ്മുടെ വിശാല താത്പര്യങ്ങള്‍ക്ക് അനുസൃതമല്ല. രാഷ്ട്രത്തിന്റെ വിദേശ നയത്തില്‍ കാതലായ മാറ്റമുണ്ടാക്കുന്നതിന് മുന്‍പ് മോദി സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടുമില്ല. പാലസ്തീന്‍ സംഘടനയായ ശഹീദിന്റെ നിരീക്ഷക പദവിക്കെതിരെ ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ച് വോട്ട് ചെയ്തത്.
രാജ്യത്ത് പലതവണ ഭരണമാറ്റമുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴൊന്നും രാജ്യം പിന്തുടരുന്ന വിദേശ നയത്തില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പരമാധികാര പാലസ്തീന്‍ എന്ന ആശയത്തിനാണ് നെഹ്റുവിന്റെ കാലം മുതല്‍ ഇന്ത്യ ഉറച്ച പിന്തുണ നല്‍കിയിരുന്നത്. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പടെ എല്ലാ വേദികളിലും ഈ നയത്തിലൂന്നിയ നിലപാടുകളാണ് ഇന്ത്യ സ്വീകരിച്ചു വന്നിരുന്നത്. എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ ഇതിന് മാറ്റം വന്നു തുടങ്ങി. 2015 ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. അന്ന് വലിയ പ്രതിഷേധം രാജ്യത്തുണ്ടായതാണ്. ഇപ്പോഴാകട്ടെ പ്രകടമായ ഇസ്രയേല്‍ അനുകൂല നിലപാടിലേക്ക് ഇന്ത്യ നീങ്ങുകയാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.[yop_poll id=2]