രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു… യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്തി

Jaihind News Bureau
Thursday, May 28, 2020

കൂടണയും വരെ കൂടെയുണ്ടെന്ന സന്ദേശവുമായി ലോക് ഡൗണിൽ കുടുങ്ങിയവർക്ക് സാന്ത്വനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. കർണാടക-ആന്ധ്ര അതിർത്തി പ്രദേശത്ത് കുടുങ്ങിയ 23 അംഗ മലയാളി സംഘത്തിനാണ് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടല്‍ മൂലം നാട്ടിലെത്താനായത്. കർണാടക-ആന്ധ്ര അതിർത്തി ജില്ലയായ,യാദ്ഗിരിയിൽ നിന്നും മലയാളികളുമായി തിരിച്ച വാഹനം കുമളി ചെക്ക് പോസ്റ്റിലെത്തി. പ്രതിപക്ഷ നേതാവിന്‍റെ നിർദ്ദേശ പ്രകാരം ഇടുക്കി ഡിസിസി ഇവർക്ക് നാട്ടിലെത്താനുള്ള എല്ലാ സഹായവും ഒരുക്കി നല്‍കി.

കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് സഹായമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളിലുളളവരാണ് ബസില്‍ കുമളി ചെക്ക് പോസ്റ്റിലെത്തിയത്. കർണാടക-ആന്ധ്ര അതിർത്തി ജില്ലയായ,യാദ്ഗിരിയിൽ നിന്നും ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് ഇവരെ യാത്രയാക്കിയത്.

സ്വന്തം നാട്ടിലെ ഭരണകൂടം മരണവാഹകരെന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ പുറം തള്ളുമ്പോഴും കൂടണയും വരെ കൂടെയുണ്ടെന്ന കോൺഗ്രസ് സന്ദേശം യാത്ഥ്യമായതായി ഇവർ പറയുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഇടപെടൽ ഏറെ ആശ്വാസമാണ് നല്‍കിയതെന്ന് ഇവർ പറഞ്ഞു.

കുമളി ചെക്ക് പോസ്റ്റില്‍ വാഹനമെത്തിയതോടെ ഇടുക്കി ഡി സി സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാറിന്‍റെ നേതൃത്വത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ സംവിധാനം ഒരുക്കുകയും ഭക്ഷണവും വെള്ളവും നൽകി ഏറെ കരുതലോടെ നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തുവെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനോടും മറ്റ് കോൺഗ്രസ് പ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദിപറഞ്ഞാണ് സംഘം നാട്ടിലേയ്ക്ക് മടങ്ങിയത്.