ജയരാജന്‍റെ ‘റാസ്കല്‍’ പരാമർശത്തില്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ; സ്പീക്കർക്ക് കത്ത് നല്‍കി

Jaihind News Bureau
Wednesday, March 4, 2020

തിരുവനന്തപുരം : മന്ത്രി ഇ.പി ജയരാജന്‍ സഭയില്‍ നടത്തിയ റാസ്കല്‍ പരാമർശത്തില്‍ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജൻ സഭയിൽ നടത്തിയത് സഭ്യേതര പരാമർശമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. പരാമർശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി.
പ്രതിപക്ഷത്തിന്‍റെ സാന്നിധ്യത്തിൽ സഭാ രേഖകൾ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിൽ അയക്കണമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

കഴിഞ്ഞ ദിവസം അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിച്ചതിന്  പിന്നാലെയായിരുന്നു ജയരാജന്‍റെ സഭ്യേതര പ്രയോഗം. പെരിയ ഇരട്ടക്കൊലക്കേസായിരുന്നു അടിയന്തര പ്രമേയ വിഷയം. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രി നടത്തിയ ‘വിടുവായ’ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെയായിരുന്നു ഇ.പി ജയരാജന്‍റെ വിവാദ പ്രസ്താവന. ‘ഇരിക്കെടാ അവിടെ, കള്ള റാസ്‌കൽ നീ ആരാടാ, പോക്രിത്തരം പറയരുത്’ – എന്നായിരുന്നു ജയരാജന്‍ സഭയില്‍ ജയരാജന്‍റെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് ഇ.പി ജയരാജന്‍റെ  ശബ്ദം സഭയില്‍ മുഴങ്ങിയത്. അംഗങ്ങൾ മര്യാദകെട്ട വാക്കുകൾ ഉപയോഗിക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷം വാക്കൌട്ട് നടത്തി.

teevandi enkile ennodu para