കാന്‍സര്‍ നിര്‍ണ്ണയത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണം; തെറ്റായ ചികിത്സ നല്‍കിയ യുവതിയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, June 3, 2019

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും, ആശുപത്രികളിലും കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകളില്‍ ഉണ്ടാകുന്ന കാലതാമസമാണ് രോഗികളെ സ്വകാര്യ ലാബുകളിലേക്ക് തള്ളി വിടുന്നതെന്നും ആരോഗ്യമേഖലയില്‍ സമൂലമായ പൊളിച്ചെഴുത്താണ് ഇതിന് പരിഹാരമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയത്ത് രജനി എന്ന യുവതിക്ക് കാന്‍സറില്ലാതിരുന്നിട്ടും കീമോ തെറാപ്പി നടത്തുകയും അവരെയും കുടംബത്തെയും നിത്യ ദുരതത്തിലേക്ക് തള്ളിവിടുകയും ചെയ്തത് നമ്മുടെ ആരോഗ്യമേഖലയുടെ പരാജയത്തെയാണ് കാണിക്കുന്നത്. ഈ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പത്ത് ലക്ഷം രൂപ ഉടന്‍ നല്‍കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ക്യാന്‍സര്‍ നിര്‍ണയത്തിന് ഒരു മാസത്തിലേറെ സമയമെടുക്കുമ്പോഴാണ് സംസ്ഥാനം ആരോഗ്യമേഖലയില്‍ ഒന്നാമതാണ് എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേവലം അന്‍പത് സാമ്പിളുകള്‍ മാത്രം ദിവസേന കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള മെഡിക്കല്‍ കോളേജുകളില്‍ മൂന്നിരട്ടി വരെയാണ് എത്തുന്നത്. ജീവനക്കാരുടെ പോരായ്മയാണ് പ്രധാന താളപ്പിഴയായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാതോളജിസ്റ്റ്, ടെക്‌നീഷ്യന്മാര്‍ മുതല്‍ ടൈപ്പിസ്റ്റ് വരെയുള്ളയുള്ളവരുടെ നിയമനങ്ങള്‍ ഉടനടി നടപ്പിലാക്കാതെ ആരോഗ്യ വകുപ്പിന് ഇനി മുന്നോട്ട പോകാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.