ദുരന്തകാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിംഗ് കൂട്ടാന്‍ മാധ്യമങ്ങളുടെ ശ്രമമെന്ന് മുല്ലപ്പള്ളി ; ശക്തമായ പോരാട്ടവുമായി യു.ഡി.എഫ് മുന്നോട്ടെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 5, 2020

 

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മാധ്യമങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ചരിത്രം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് വര്‍ത്തമാന കേരളം ഭരിക്കുന്നത് എന്നും ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിംഗ് കൂട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ ആരോപിച്ചു. ദേശീയ തലത്തില്‍ ബി.ജെ.പി എന്ന പോലെ കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനും യു.ഡി.എഫിനെ തകര്‍ക്കാനും എല്ലാകാലത്തും ശ്രമിക്കുന്നത് ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിനേക്കാള്‍ മോശമായൊരു ഭരണം കേരളം കണ്ടിട്ടില്ല.കേരള ചരിത്രം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് വര്‍ത്തമാന കേരളം ഭരിക്കുന്നത്. ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിംഗ് കൂട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഇത് ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പി.ആര്‍ ഏജന്‍സികളുടെ മഞ്ഞളിപ്പില്‍ വീഴരുത്. തുറന്ന കണ്ണുകളോടെയും മനസോടെയും പൊതുസമൂഹം കാര്യങ്ങളെ വിലയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാരേയും എല്ലാക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ ബി.ജെ.പി ചെയ്യുന്ന പോലെ കേരളത്തില്‍ എല്ലാ കാലത്തും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനും യു.ഡി.എഫിനെ തകര്‍ക്കാനും ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ചരിത്രമാണ് യു.ഡി.എഫിനുള്ളത്. നുണ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ജനങ്ങള്‍ ഒപ്പം നില്‍ക്കുമ്പോള്‍ ജനാധിപത്യവും മതേതരത്യവും നില നിര്‍ത്താന്‍ ശക്തമായ പോരാട്ടവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ലീഡർ കെ കരുണാകരന്‍റെ ജന്മവാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.