യുഎഇയില്‍ ഒക്ടോബര്‍ 16 ന് മഴക്കാലം തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് : രാജ്യം തണുപ്പിലേക്ക് ; മഴ കാത്ത് കൃഷി ഭൂമികള്‍ ; ഇനി ചൂടിന് വിട

Jaihind News Bureau
Sunday, October 11, 2020

ദുബായ് : യുഎഇയില്‍ മഴക്കാലം ഒക്ടോബര്‍ 16 ന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെങ്ങും മഴയും ആലിപ്പഴവും വീണിരുന്നു. ഇതോടെ, വേനല്‍ക്കാലത്തിന് പൂര്‍ണ്ണമായും രാജ്യം വിടപറയുമെന്നാണ് സൂചന. യുഎഇയില്‍ മഴയ്‌ക്കൊപ്പം ചൂടും കുറഞ്ഞ്, രാജ്യം തണുപ്പിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുഭൂമിയിലെ കൃഷി വിളകള്‍ക്ക് ഇത് ഏറെ സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു.  

യുഎഇ ദേശീയ കാലാവസ്ഥാ എജന്‍സി റിപ്പോര്‍ട്ട് പ്രകാരം, ഈ സീസണിലെ ഏറ്റവും സുഖകരമായ കാലാവസ്ഥയുടെ തുടക്കമാണ് ഈ മഴയിലൂടെയെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ, പരാമവധി താപനില 35 ഡിഗ്രി സെല്‍ഷ്യസ് മാത്രമാകും. രാത്രികളില്‍ തണുപ്പ് കൂടും. തിങ്കളാഴ്ച അജ്മാന്‍, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.