
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയും പസഫിക് ചുഴലിക്കാറ്റുകളും മഴയെ സ്വാധീനിക്കുന്നതായാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്നും നാളെയും തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നും, തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മഴ സജീവമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.