പെട്ടെന്നുള്ള ലോക്ഡൗണ്‍ ജനങ്ങളെ പരിഭ്രാന്തരാക്കി, സാമ്പത്തിക അടച്ചുപൂട്ടൽ ആപത്ക്കരമായ അവസ്ഥ; പാക്കേജുകൾ പെട്ടെന്ന് അർഹരിലേക്കെത്തണം: രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, March 29, 2020

ന്യൂഡല്‍ഹി:   കൊവിഡിനെ നേരിടാനായി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍  പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്  രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ ദശലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്‍റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു.

ഇന്ത്യ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നമ്മുടെ ജനങ്ങള്‍ക്കും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും ഏല്‍പിക്കാന്‍ പോകുന്ന വിനാശകരമായ ആഘാതത്തെ താങ്കള്‍ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയുടെ അവസ്ഥ മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ തന്ത്രം പ്രയോഗിക്കുന്ന വലിയ രാജ്യങ്ങളില്‍ നിന്ന് ഭിന്നമായി വ്യത്യസ്തമായ ഒരു മാര്‍ഗം നമുക്ക്  വേണ്ടി വന്നേക്കാം. കാരണം ദിവസവേതനത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇന്ത്യയിലുണ്ട്. ലോക്ക്ഡൗണില്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഇത് ഇന്ത്യയ്ക്കും രാജ്യത്തെ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗത്തിനും ദോഷകരമാകും.

രാജ്യത്തെ ജനങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള കൂടുതല്‍ ഫലപ്രദമായ വഴികള്‍ സര്‍ക്കാര്‍ പരിഗണിക്കണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ട യുവജനങ്ങള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങും. അത് അവരുടെ മാതാപിതാക്കള്‍ക്കും, മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം അസുഖം വരുന്നതിന് കാരണമാകും. ഇത് ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമാകും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഒരു നല്ല തുടക്കമാണ്. എന്നാല്‍ എത്രയും വേഗം ഇത് പ്രാവര്‍ത്തികമാക്കണം. ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ എത്രയും വേഗം പ്രസിദ്ധപ്പെടുത്തണം. കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന ഇടത്ത് അതിനുസരിച്ചുള്ള കിടക്കയും, വെന്റിലേറ്ററും ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കണം.

പെട്ടെന്നുണ്ടായ ലോക്ക്ഡൗണ്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ആശങ്കകളും ഉയര്‍ത്തിയിട്ടുണ്ട്. വാടക നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. കാല്‍നടയായാണ് പലരും അതിര്‍ത്തികള്‍ കടക്കുന്നത്. അവര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കണം. അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമെത്തിക്കണം. വരാന്‍ പോകുന്ന പ്രയാസമേറിയ മാസങ്ങളെ മറികടക്കാന്‍ അത് അവരെ സഹായിക്കുമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.