രാഹുല്‍ഗാന്ധി തിങ്കളാഴ്ച്ച വയനാട്ടില്‍ എത്തും

Jaihind Webdesk
Friday, August 23, 2019

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തില്‍ എത്തും. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം. കേരളത്തില്‍ പ്രളയം ബാധിച്ച ഉടനെ സന്ദര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്‍ക്കാരില്‍ പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്.
കനത്ത മഴയില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി 50,000 കിലോ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണത്തിനായി വയനാട്ടില്‍ എത്തിച്ചിരുന്നു. ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു സാധനങ്ങള്‍ ജില്ലയിലേക്കെത്തിയത്. വിവിധ ഘട്ടങ്ങളായിട്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ സഹായങ്ങള്‍. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്.

മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ദുരന്തത്തിനിരയായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്‌ലോര്‍ ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്യാനായി ഈ മാസം അവസാനം രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

വയനാട്ടില്‍ കൂടാതെ മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആദ്യത്തെ ദിവസം ഉരുള്‍പൊട്ടലില്‍ വന്‍നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്‍ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. 5 കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രാദേശിക പാര്‍ട്ടി ഘടകങ്ങള്‍ വഴി ഇതിന്റെ വിതരണം ആരംഭിച്ചു.