വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ രാഹുൽ ഗാന്ധി നാളെ എത്തും

Jaihind News Bureau
Saturday, August 10, 2019

രാഹുൽ ഗാന്ധി എംപി നാളെ കോഴിക്കോട് എത്തും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. നാളെ വൈകുന്നേരത്തോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി പിന്നീട് മലപ്പുറം, വയനാട് എന്നിവിടങ്ങളും സന്ദര്‍ശിക്കും. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.

കോണ്‍ഗ്രസ് പത്ത് ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

രാഹുൽ ഗാന്ധി എത്ര ദിവസം തങ്ങാനും തയ്യാറാണെന്നും സുരക്ഷാ പ്രശ്നങ്ങളാണ് രാഹുൽ ഗാന്ധിയുടെ വരവിനെ തടസപ്പെടുത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.  സുരക്ഷാ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും തടസം വരാത്ത രീതിയിലാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി ഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്.

https://youtu.be/Tkkuu4Y6i6c

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെ തന്നെ രാഹുല്‍ ഗാന്ധി ഇടപെട്ടിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി പിന്നീട് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.