വയനാടിന് വമ്പന്‍ പദ്ധതിയുമായി രാഹുല്‍ ഗാന്ധി ; ലക്ഷ്യം സമഗ്ര വികസനം

Jaihind Webdesk
Wednesday, June 26, 2019

വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതിയൊരുക്കി വയനാട് എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വയനാടിന്‍റെ പാരിസ്ഥിതിക പ്രാധാന്യം മുന്‍നിര്‍ത്തിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വോട്ടര്‍മാർ നല്‍കിയ നിവേദനങ്ങളില്‍ തീരുമാനമെടുക്കാനും സംവിധാനം ഏര്‍പ്പെടുത്തും. നിവേദനങ്ങളിലെ പരാതികളും ആവശ്യങ്ങളും വേഗത്തില്‍ പരിഹരിക്കാനാണ് നീക്കം.

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി വയനാടിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയാറാക്കുന്ന പദ്ധതിയില്‍ അഭിപ്രായം തേടാനായി കേരളത്തില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന മൂന്ന് ഡി.സി.സികളുടെ അധ്യക്ഷന്മാര്‍ മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരടക്കം 23 അംഗ സംഘത്തെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍  ക്രോഡീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കൂടിക്കാഴ്ച.

റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലെത്തിയത്. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദി അറിയിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ വയനാട് ജനത നെഞ്ചേറ്റുകയായിരുന്നു. പാർലമെന്‍റിൽ വയനാടിന്‍റെയും കേരളത്തിന്‍റെയും ശബ്ദമാകുമെന്ന് രാഹുൽ ഗാന്ധി സ്വീകരണവേളയില്‍ വോട്ടർമാർക്ക് ഉറപ്പ് നൽകി. എം.പി എന്ന നിലയില്‍ വയനാടിന്‍റെ പ്രശ്നങ്ങളില്‍ ഇതിനോടകം തന്നെ രാഹുല്‍ ഗാന്ധി നിരവധി ഇടപെടലുകളാണ് നടത്തിയത്. വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇപ്പോള്‍ വയനാടിനായി പ്രത്യേക സമഗ്ര വികസന പാക്കേജാണ് രാഹുല്‍ ഗാന്ധി തയാറാക്കുന്നത്.

teevandi enkile ennodu para