മോദി അംബാനിയുടെയും അദാനിയുടെയും ലൗഡ് സ്പീക്കർ ; രാജ്യം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ മോദിയുടെ ശ്രമം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, October 15, 2019

നരേന്ദ്ര മോദി അംബാനിയുടെയും അദാനിയുടെയും ലൗഡ് സ്പീക്കർ ആണെന്ന് രാഹുൽ ഗാന്ധി. കോർപറേറ്റുകൾക്ക് വേണ്ടിയാണ് പ്രധാന മന്ത്രി പ്രവർത്തിക്കുന്നത്. രാജ്യത്തെ സാധാരണക്കാരന്‍റെ പണം എടുത്ത് കള്ളന്മാർക്ക് കൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. രാജ്യത്തിന്‍റെ യഥാർത്ഥ അവസ്ഥ തുറന്നു കാട്ടാത്ത മാധ്യമങ്ങളെയും രാഹുൽ ഗാന്ധി വിമർശിച്ചു.

രാജ്യം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്ന് രാഹുൽ ഗാന്ധി മഹാരാഷ്ട്രയില്‍ പറഞ്ഞു. സാധാരണക്കാരുടെ പണം എടുത്ത്‌ കള്ളന്മാർക്ക് നൽകുകയാണ് സർക്കാർ ചെയുന്നത്. അംബാനിക്കും അദാനിക്കും വേണ്ടി സംസാരിക്കുന്ന ലൗഡ് സ്പീക്കറായി നരേന്ദ്ര മോദി അധഃപതിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

മാധ്യമങ്ങൾക്ക് എതിരെയും കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ബിസിനസുകാരുടെ കീശയിലാണ് മാധ്യങ്ങൾ. രാജ്യത്തിന്‍റെ യഥാർത്ഥ ചിത്രം മാധ്യമങ്ങൾ തുറന്ന് കാണിക്കുന്നില്ല. ബിസിനസുകാർ പറയുന്നതുപോലെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.

റഫാൽ ഏറ്റുവാങ്ങാൻ പ്രതിരോധ മന്ത്രി ഫ്രാൻ‌സിൽ പോയപ്പോൾ വലിയ പബ്ലിസിറ്റി കൊടുത്ത മാധ്യമങ്ങൾ റഫാലിന് പിന്നിലെ 35,000 കോടിയുടെ അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. രാജ്യത്ത് നടക്കുന്ന അനീതികളെ ഇപ്പോൾ പ്രതിരോധിച്ചില്ലെങ്കിൽ നരേന്ദ്ര മോദി, രാജ്യം കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പൊതു സമ്മേളനങ്ങളിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷ വിമർശനം നടത്തിയത്. കോൺഗ്രസ്‌ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയാൽ മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി ജനങ്ങൾക്ക് ഉറപ്പ് നൽകി.