ആദിവാസി വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി; പരമ്പരാഗത കലാരൂപങ്ങളൊരുക്കി വരവേല്‍പ്പ്

Jaihind Webdesk
Monday, September 26, 2022

പാലക്കാട്: ആദിവാസി ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി. പട്ടാമ്പി രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദം പരിപാടിയിലാണ് ആദിവാസി വിഭാഗത്തിന്‍റെ ആകുലതകള്‍ രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞത്. രാഹുല്‍ ഗാന്ധിക്കായി ആദിവാസി വിഭാഗം ഒരുക്കിയ പരമ്പരാ​ഗത നാടൻ കലകളും പാട്ടും നൃത്തവും ചടങ്ങിന് മാറ്റ് കൂട്ടി. കുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള ‘നമുക്ക് നാമേ കല സാംസ്‌കാരിക സമിതി നേതൃത്വത്തിൽ പെറേ, ദവിൽ, ജാൽറ തുടങ്ങിയ ഗോത്രവാദ്യങ്ങളുടെ അകമ്പടിയോടെ ഗോത്ര നൃത്തമായ ‘കുമ്മി’ രാഹുൽ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. ആദിവാസി വിഭാഗം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വിശദമായി രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞു.

പ്രഥമിക വിദ്യാഭ്യാസത്തിന് ശേഷം അട്ടപ്പാടി ഊരിലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ പോകുന്നത് കുറയുന്നു. ചെറുപ്രായത്തിൽ തന്നെ കുലത്തൊഴിലുകളിൽ ഏർപ്പെടുന്നു. വിദ്യഭ്യാസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി രക്ഷിതാക്കൾ പോലും ബോധവന്മാരല്ലെന്ന് പുതൂർ ഊരിലെ ഡോ. രാംരാജ് അഭിപ്രായപ്പെട്ടു.

ഇത് മനസിലാക്കുന്നുവെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഗാന്ധി മറുപടിയായി ഒരു കഥയാണ് പറഞ്ഞത്.

“എസ്എടി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എപ്പോഴും പ്രവേശനം ലഭിക്കുന്നത് വെളുത്ത വർഗക്കാർക്കാണ്. അപ്പോൾ ആളുകൾ പറഞ്ഞു തുടങ്ങി വെളുത്ത വർഗക്കാരുടെ വിഭാഗം മികച്ചതാണ്. അതുകൊണ്ടാണ് അവർ എപ്പോഴും പരീക്ഷയിൽ മുന്നിട്ട് നിൽക്കുന്നതെന്ന്. ഇതിൽ ശ്രദ്ധേയമായ ഒരു കണ്ടെത്തലുണ്ട്. ആരാണ് പരീക്ഷകൾ നടത്തുന്നത് അവരുടെ സമൂഹമായിരിക്കും എന്നും മുന്നിട്ട് നിൽക്കുക. വെളുത്ത വർ​ഗക്കാർ പരീക്ഷ നടത്തുമ്പോൾ അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവിടെ ചോദിക്കുന്നത്. അതുകൊണ്ടാണ് അവർ മുന്നിട്ട് നിൽക്കുക സ്വാഭാവികം. ഇതുപോലെ കറുത്തവർ​ഗക്കാരുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു പരീക്ഷയാണ് നടക്കുന്നതെങ്കിൽ അവരായിരിക്കും മുന്നിട്ടു നിൽക്കുക. ഏതൊരു സംസ്കാരവും പോലെ ഭാരതത്തിലെ മികച്ചത് തന്നെയാണ് ആദിവാസി വിഭാഗത്തിന്‍റെ സംസ്കാരവും തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ ഉദ്യോഗസ്ഥരോട് കാടിനെ കുറിച്ച് ചോദിച്ചാൽ അറിയാവുന്നതിനെക്കൾ വിവരങ്ങൾ പകർന്നു നൽകാൻ നിങ്ങൾക്ക് കഴിയും. കാടിനോട് ഇഴുകി ജീവിക്കുന്ന നിങ്ങളെക്കാൾ നിങ്ങളുടെ അനുഭവസമ്പത്തിനേക്കാൾ വലിയൊരു അറിവ് മറ്റാർക്കും ഉണ്ടാവില്ല. സാംസ്‌കാരികമായി വിഭിന്നമായി നിൽക്കുന്നതുകൊണ്ടാണ് കാടിന്‍റെ മക്കൾ സ്കൂളിലേക്ക് പോവാതിരിക്കുന്നത്. സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും അവർ നേരിടുന്ന വിവേചനങ്ങൾ മൂലമാണ് അവർക്ക് ഈ സംവിധാനത്തോട് ചേർന്നു നിൽക്കാൻ കഴിയാത്തത്. മറ്റുള്ളവരുടെ സംസ്കാരം ഇവരുടെ തലയിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. അതുമായി അവർക്കൊരിക്കലും ഒത്തുപോകാൻ കഴിയില്ല. അവരുടെ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന വിദ്യാഭ്യാസ രീതികളാണ് അവർക്ക് വേണ്ടത്. അതു കൊടുക്കാൻ നമ്മുടെ വിദ്യാഭ്യാസ പദ്ധതികൾ തയാറുമല്ല.

ഞങ്ങളുടെ നാട്ടിൽ സൗകര്യമുള്ള ആശുപത്രിയില്ല. എന്തെങ്കിലും അത്യാഹിതം വന്നാൽ 60കിലോമീറ്ററോളം സഞ്ചരിക്കണം. അതിനു പരിഹാരം വേണമെന്നായിരുന്നു ഊരിൽ നിന്നെത്തിയ ഒരാളുടെ ആവശ്യം. എന്തുകൊണ്ടാണ് നിങ്ങളുടെ ഗോത്ര ചികിത്സാ രീതികൾ പിന്തുടരാത്തതെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞു.

ഞങ്ങളുടെ ഭക്ഷണ രീതിയിൽ വലിയ മാറ്റം വന്നിരിക്കുന്നു ഇതുമൂലം പാരമ്പര്യ ചികിത്സകൾ ഫലാവത്താവുന്നില്ല. പണ്ട് റാഗിയും ചാമയുമായിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം. പക്ഷെ ഇന്ന് റേഷൻ കടകളിൽ നിന്നുമുള്ള അരിയാണ് ഭക്ഷണം. പണ്ട് കാടുകളിൽ വേട്ടയാടി ഞങ്ങളുടെ രീതിയിലുള്ള ഭക്ഷണമായിരുന്നു. ഇന്നതൊന്നുമില്ല ഇത് ഞങ്ങളുടെ ജീവിതരീതിയിലും മാറ്റങ്ങളുണ്ടാക്കി. ആദിവാസി പാരമ്പര്യ ചികിത്സകൾ ആയുഷ് വകുപ്പിൽ ഉൾപ്പെടുത്തണം. ആദിവാസി വംശ ചികിത്സകനായ രാജേഷ് രാഹുലിന് മുന്നിൽ പുതിയ നിർദേശം വച്ചു.

രാഹുൽ : തീർച്ചയായും. ആയുർവേദവും യുനാനിയും സിദ്ധയും ഹോമിയോയും പോലെ ഭാരതത്തിന്‍റെ പാരമ്പര്യ ചികിത്സരീതിയാണ് ആദിവാസി പാരമ്പര്യ ചികിത്സ. ഉറപ്പായും ആയുഷ് വകുപ്പിൽ ഉൾപ്പെടുത്തണം. കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ അക്കാര്യം പരിശോധിക്കും.

 

മുപ്പത്തിയാറ് ആദിവാസി വിഭാഗങ്ങളാണ് കേരളത്തിലുള്ളത്. ഞങ്ങളുടെ കലാരൂപങ്ങളും സംസ്കാരവുമൊന്നും സംരക്ഷിക്കപ്പെടുന്നില്ല. തങ്ങളുടെ മാതൃ സംസ്കാരത്തെയും ഭാഷയെയും മറന്ന് തമിഴ്, മലയാളം ഇംഗ്ലീഷ് തുടങ്ങിയ മറ്റ് ഭാഷകളിലേക്കും സംസ്കാരത്തിലേക്കും ഞങ്ങളുടെ തലമുറ മാറുകയാണ്. ഞങ്ങളുടെ കലകളും സംസ്ക്കാരവും സംരക്ഷിക്കുന്നതിന് ഗോത്ര കലാമണ്ഡലം സ്ഥാപിക്കണം- ഗോത്ര കലാകാരനും ബിരുദാനന്തര ബിരുദധാരിയായ കുപ്പുസ്വാമി ആവശ്യമുന്നയിച്ചു.

ആദിവാസി സംസ്കാരവും ഭാഷയും സംരക്ഷിക്കുക മാത്രമല്ല അത് മുന്നോട്ട് പോവുകയും വേണം. നിങ്ങളാണ് ആദ്യത്തെ ഇന്ത്യക്കാർ. നിങ്ങളുടെ സംസ്കാരമാണ് അടിസ്ഥാനപരമായ ഇന്ത്യൻ സംസ്കാരം. നിങ്ങൾ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും വിവേചനങ്ങൾ നേരിടുന്നുണ്ട്. അത് മനസിലാക്കാൻ എന്നും നിങ്ങളുമായി അടുത്ത് നിൽക്കുന്നവർക്കേ കഴിയൂ. ഞങ്ങള്‍ അതിന് തയാറാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.

അടുത്ത തവണ നിങ്ങളുടെ ഡാൻസ് എന്നെ പഠിപ്പിക്കണം. നിങ്ങളുടെ കൂടെ ഡാൻസ് കളിച്ചാലോയെന്ന് ഞാൻആലോചിച്ചു. പക്ഷെ ഞാൻ കൂടെ കൂടിയാൽ നിങ്ങളുടെ താളം തെറ്റിയേക്കും. സംഘത്തിലെ ഏറ്റവും ഇളയവളായ സ്നേഹ രാഹുൽ ഗാന്ധിയെ അവരുടെ ഊരുകാണാൻ ക്ഷണിക്കാനും മറന്നില്ല. ക്ഷണം സ്വീകരിച്ച രാഹുൽ ഉറപ്പായും അട്ടപ്പാടി സന്ദർശിക്കുമെന്നും വാക്കുനൽകി. ഗോത്ര പാരമ്പര്യത്തിന്‍റെ പ്രതീകമായ ‘ചുണ്ടിവില്ലും കോഗലും’ രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നേതാക്കളായ ജയ്റാം രമേശ്, രമേശ് ചെന്നിത്തല, എംപിമാരായ ശശി തരൂർ വി.കെ ശ്രീകണ്ഠൻ, പി.സി വിഷ്ണുനാഥ് എംഎൽഎ, വി.ടി ബൽറാം തുടങ്ങിയവരും സന്നിഹിതരായിരുന്നു.