രാഹുലും പ്രിയങ്കയും ഇന്ന് അമേത്തിയിൽ; തെരഞ്ഞെടുപ്പ് ഫലത്തിന്മേൽ വിശദമായ ചർച്ചകൾക്ക് സാധ്യത

Jaihind Webdesk
Wednesday, July 10, 2019

Rahul-Priyanka-Ameti

ലോക് സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് അമേതിയിൽ. പ്രവർത്തകരും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അമേതിയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്മേൽ വിശദമായ ചർച്ചകൾക്കും ഇന്ന് സാധ്യത. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കും.

ഉച്ചക്ക് 12 മണിയോട് കൂടി അമേഠിയിലെത്തുന്ന രാഹുൽ ഗാന്ധി ഗൗരി ഗഞ്ച്, നിർമ്മല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിമൻസ് എഡ്യൂക്കേഷനിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും.

തുടർന്ന് 2.30 ഓടു കൂടി കഴിഞ്ഞ ദിവസം അന്തരിച്ച പഴയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ദ്വിൻത പ്രസാദ് ദ്വിവേദിയുടെ കുടുംബത്തെ കാണും.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേഠി സന്ദർശിക്കുന്നത്.

അമേതിയിലെ പരാജയം പഠിക്കാൻ നിയോഗിച്ച കെ.എൽ. ശർമ്മ, സുബൈർ ഖാൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മിറ്റി സമാജ് വാദി പാർട്ടിയുടേയും ബിസ്പിയുടേയും നിസ്സഹകരണമാണ് പരാജയ കാരണം എന്ന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

നേതാക്കളും പ്രവർത്തകരുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയിൽ തെരഞ്ഞെടുപ്പ് ഫലം ചർച്ച ആകും. അമേതിയിലെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ ചർച്ച ഇന്നത്തെ സന്ദർശനത്തിൽ ഉണ്ടാകും. രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം ആദ്യമായി പാർട്ടി പ്രവർത്തകരുമായി സംവദിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.

ഉത്തർ പ്രദേശിന്‍റെ ചുമതല ഉള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നത്തെ യോഗങ്ങളിൽ പങ്കെടുക്കും.

കോൺഗ്രസ് പാർട്ടിയുടെ സമ്പൂർണ്ണ അഴിച്ച് പണിക്ക് രാഹുൽ ഗാന്ധിയെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി നേരത്തെ ചുമതലപ്പെടുത്തി ഇരുന്നു. അതിന്‍റെ ആദ്യ പടി എന്ന തരത്തിൽ വിശേഷിപ്പിക്കാവുന്ന സന്ദർശനം കൂടിയാണ് ഇന്ന് നടക്കുന്നതെന്നും വിലയിരുത്താം.

അമേതി സന്ദര്‍ശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത അദ്ദേഹം ട്വിറ്ററില്‍ 10മില്യണ്‍ ഫോളോവേഴ്സ് തികഞ്ഞതില്‍ എല്ലാവരോടും നന്ദിയും രേഖപ്പെടുത്തി.