രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്നിക് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഹാത്രസിലെത്തിയത്. തങ്ങൾ നേരിട്ട ക്രൂരതയെയും അവഗണനയെയും അനീതിയെയും കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇരുവരോടും പറഞ്ഞു. പിതാവിൽ നിന്നും സഹോദരനിൽ നിന്നും രാഹുൽ ഗാന്ധി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഒരു ശക്തിക്കും ഈ കുടുംബത്തിന്‍റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും പറഞ്ഞു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതിയുടെ മാതാവിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച പ്രിയങ്ക ഗാന്ധി ആ അമ്മയുടെ ദുഃഖം സ്വന്തം ദുഃഖമായി ഏറ്റെടുത്തുകൊണ്ട് എന്നും അവർക്കൊപ്പമുണ്ടാകുമെന്നും ഉറപ്പും നല്‍കി. കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളുടെ സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തെ കാണുന്നതിന് ആദ്യം അനുമതി നിഷേധിച്ച യോഗി സർക്കാരിന് കോൺഗ്രസ് പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കുകയല്ലാതെ മറ്റുമാർഗ്ഗമില്ലെന്നായി. ഇതോടെയാണ് രാഹുലും പ്രിയങ്കയും ഉൾപ്പെടെ 5 പേർക്ക് മാത്രം കുടുംബത്തെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകിയത്.
അതേസമയം പ്രതിഷേധങ്ങൾക്കൊടുവിൽ മുഖം രക്ഷിക്കാനായി യോഗി സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.