‘ഇന്ത്യയുടെ ഭാവി നിങ്ങളാണ്, വിപ്ലവം സൃഷ്ടിക്കുന്ന പെൺകരുത്തില്‍ അഭിമാനം’ ; മുഫീദയുടെ പരിഭാഷയ്ക്ക് രാഹുല്‍ ഗാന്ധിയുടെ കൈയ്യടി ; വീഡിയോ

Jaihind News Bureau
Wednesday, January 27, 2021

 

കൽപറ്റ : വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തത് വിദ്യാർഥിനി ഫിദ അഫ്ര. കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് അടക്കം വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ താരമായിരിക്കുകയാണ് ഫിദ. ‘എനിക്ക് നിങ്ങളോട് സംസാരിക്കാൻ വലിയ സന്തോഷമാണ്.  നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെൺകരുത്തിന് മുന്നിൽ സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.’ വേദിയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗം പരിഭാഷപ്പെടുത്തിയ ഫിദയെ രാഹുൽ വേദിയിൽ വച്ചുതന്നെ അഭിനന്ദിച്ചു.

‘പുഞ്ചിരിയാണ് എന്‍റെ മികച്ച ആശയവിനിമയം എന്നും മാസ്ക് വന്നശേഷം എന്‍റെ പുഞ്ചിരിയോ നിങ്ങളുടെ പുഞ്ചിരിയോ കാണാൻ കഴിയുന്നില്ല എന്നും രാഹുൽ വിദ്യാർഥികളോട് പരിഭവം പറഞ്ഞു. എന്നിരുന്നാലും മാസ്ക് ധരിക്കണം ഞാൻ എന്‍റെഅമ്മയുടെ മുന്നിൽ പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കാറുണ്ട്. അതുപോലെയാണ് പുറത്തും ‘ -രാഹുല്‍ ഗാന്ധി പറഞ്ഞു.

മുന്‍പ് മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയില്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയും സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു.  രാഹുൽ ഗാന്ധി തന്നെയാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനായി സഫയെ ക്ഷണിച്ചത്. സ്റ്റേജിലെത്തിയ സഫയുടെ പേര് അദ്ദേഹം ചോദിച്ചറിഞ്ഞു. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ സഫയ്ക്ക് രാഹുൽ നന്ദിയറിയിക്കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ ശേഷം ഒരു സമ്മാനവും സഫയ്ക്ക് നൽകിയാണ് രാഹുല്‍ ഗാന്ധി അന്ന് മടങ്ങിയത്.