പി.വി അന്‍വര്‍ പൊന്നാനിയില്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം

Jaihind Webdesk
Sunday, April 28, 2019

ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അന്‍വറിനെ ഇറക്കി പ്രതിരോധിക്കാനുള്ള ശ്രമം പാളിയെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. വിവാദങ്ങളുടെ തോഴനും സമ്പന്നനുമായ ഇടതുമുന്നണി എംഎല്‍എ പിവി അന്‍വര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതോടെ മത്സരം ഊര്‍ജ്ജിതമായെങ്കിലും വിജയത്തിലേക്ക് എത്തില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇത്തവണ അന്‍വര്‍ 35,000 വോട്ടിന് പൊന്നാനിയില്‍ തോല്‍ക്കുമെന്നാണ് സിപിഎമ്മിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രചരണത്തിലല്‍ ഉടനീളം വിവാദങ്ങളും അന്‍വറിനെ പിന്തുടര്‍ന്നിരുന്നു. യുഡിഎഫുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കൈ സഹായത്തിന് തന്നെ വിജയിപ്പിക്കണമെന്നതടക്കമുള്ള പ്രസ്താവനകള്‍ അന്‍വര്‍ നടത്തിയിരുന്നു. മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം തന്നെ രാജിവെയ്ക്കുമെന്ന് വരെ അനവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്‍വര്‍ തന്റെ പ്രസ്താവനയില്‍ നിന്ന് മലക്കം മറിയുകയും ചെയ്തു.

തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചരണത്തില്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും അന്തിമ കണക്ക് കൂട്ടലുകളില്‍ മണ്ഡലത്തില്‍ പരാജയം ഉറപ്പാകുമെന്നാണ് സിപിഎം കണക്കുകള്‍ പറയുന്നു. മണ്ഡലത്തില്‍ പിവി അന്‍വര്‍ കുറഞ്ഞത് 35,000 വോട്ടിന് തോല്‍ക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ കണക്ക്.

മൂന്ന് നിയോജക മണ്ഡലങ്ങളിലും നല്ല ഭൂരിഭക്ഷം ഉണ്ടാകുമെന്നും സിപിഎം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ നിഗമനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും യുഡിഎഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിന്റെ കണക്ക്. പി.വി അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകും. പൊന്നാനിയില്‍ 11000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ തവനൂരില്‍ 5000 വോട്ടും തൃത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. വി. അബ്ദുറഹ്മാന്റെ താനൂരടക്കമുള്ള നാല് നിയോജകമണ്ഡലങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടും.