Logo
Fri, Jun 12, 2026 • 08:43 PM
LIVE TV
Watch

No business videos available

No Middle East videos available

കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനു വേണ്ടി?; സത്യസന്ധമായി ജോലി ചെയ്യാന്‍ എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ലെന്നും വി.ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 01, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനു വേണ്ടി?; സത്യസന്ധമായി ജോലി ചെയ്യാന്‍ എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ലെന്നും വി.ഡി സതീശന്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പ്രതിപക്ഷം ഇക്കാര്യം ആരോപണം ഉന്നയിച്ചതാണ്.. പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതിയും ശരിവച്ചു. വളരെ രഹസ്യമായാണ് കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തത്. എന്തിനു വേണ്ടിയായിരുന്നു രഹസ്യസ്വഭാവമെന്നും അദ്ദേഹം ചോദിച്ചു. ഇവരെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവരും നിയമത്തിന് മുന്നില്‍ വരണ്ടേവരുമാണ്. ഇതുവരെ തെളിവ് ഹാജരാക്കിയില്ലെന്ന വെല്ലുവിളി കടകംപള്ളി ഇന്നലെയും തനിക്കെതിരെ ഉയര്‍ത്തി. നിരവധി തവണ എം.എല്‍.എയും മന്ത്രിയുമായിരുന്ന കടകംപള്ളി സുരേന്ദ്രന് സിവില്‍ കോടതിയുടെ നടപടിക്രമം പോലും അറിയില്ലേ? ഇഷ്ടമുള്ളപ്പോള്‍ കോടതിയില്‍ കൊണ്ടു പോയി തെളിവ് നല്‍കാനാകുമോ? പറയാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് വെറുതെ ഓരോന്ന് പറയുകയാണെന്നും കോടതിയുടെ നടപടിക്രമം അറിയില്ലെന്നു പറയുന്നത് നാണക്കേടാണെന്നും അദ്ദേഹം ഗുരുവായൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന്റെ പേരില്‍ ജയിലിലായ സി.പി.എം നേതാക്കളെയെല്ലാം സംരക്ഷിക്കുകയാണ്. അതിന് സര്‍ക്കാരും കുടപിടിക്കുകയാണ്. എസ്.ഐ.ടിയില്‍ രണ്ട് ഉദ്യോഗസ്ഥരെ പുതുതായി നിയമിച്ച നടപടി കോടതി ഒന്നുകൂടി പരിശോധിക്കണം. രണ്ട് ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തുള്ള കടുത്ത സി.പി.എമ്മുകാരനായ ഉദ്യോഗസ്ഥന്റെയും അറിവോടെയാണ് സി.പി.എം പക്ഷപാതികളായ രണ്ട് ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ നിയമിച്ചത്. എസ്.ഐ.ടിയില്‍ നടക്കുന്ന നപടികള്‍ പുറത്തേക്ക് ചോര്‍ത്താനാണ് ഇവരെ നിയമിച്ചത്. കടുത്ത സി.പി.എം പക്ഷപാതികളായ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തിലാണ് എല്ലാ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം എസ്.ഐ.ടിക്ക് മുകളിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ കൊള്ള നടന്നപ്പോള്‍ അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നോ? ആരാണ് പറഞ്ഞത് അടൂര്‍ പ്രകാശിനെതിരെ അന്വേഷണമുണ്ടെന്ന്? കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കി വച്ചിട്ട് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാണ് നല്‍കിയത്? തെളിവോ മൊഴിയോ എടുക്കാന്‍ പോലീസ് വിളിച്ചാല്‍ പോകും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ സി.പി.എം നേതാക്കള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളുമായിരിക്കുമ്പോള്‍ അവിടെ ഏത് കോണ്‍ഗ്രസുകാരനാണ് കൊള്ളയില്‍ പങ്കുണ്ടാകുക. സ്വര്‍ണം കവര്‍ന്നത് സി.പി.എം നേതാക്കളാണ്. അത് ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതി നിയമിച്ച എസ്.ഐ.ടിയെ സത്യസന്ധമായി ജോലി ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ല. ഒരു സമ്മര്‍ദ്ദത്തിനും വഴിപ്പെടാതെ എസ്.ഐ.ടി അന്വേഷണത്തിന് തയാറാകണം. സി.പി.എം നേതൃത്വത്തിന്റെ അറിവോടെ കൊള്ള നടത്തിയതുകൊണ്ടാണ് ജയിലിലായവരെ എം.വി ഗോവിന്ദനും പിണറായി വിജയനും ഇപ്പോഴും സംരക്ഷിക്കുന്നത്. ശബരിമലയിലെ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 2019-ല്‍ കൊള്ള നടത്തിയത് ആരും അറിയാത്തതു കൊണ്ടാണ് 2024-ല്‍ വീണ്ടും കൊള്ളയ്ക്ക് ശ്രമിച്ചത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ അടിച്ചു മാറ്റിയേനെ. കളവുകളുടെ പരമ്പരയാണ് സി.പി.എം നേതാക്കളുടെ അറിവോടെ ശബരിമലയില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.വി ഗേവിന്ദന്‍ പറയുന്നതില്‍ എന്തെങ്കിലും പുലബന്ധമുണ്ടോ? ഇത്രയും നേതാക്കള്‍ സ്വര്‍ണക്കൊള്ളയില്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോവിന്ദന്‍ മാഷ് പറയുന്നതിന്റെ കണക്ഷന്‍ വിട്ടുപോകുകയാണ്. പ്രതിപക്ഷം എസ്.ഐ.ടിയെ തടയുന്നു എന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. എസ്.ഐ.ടിയെയും തടയുന്ന എത്ര കരുത്തുറ്റ പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റത്തൂരിലെ ഒരു കോണ്‍ഗ്രസ് അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്നത് തെറ്റായ വാര്‍ത്തയായിരുന്നു. അവര്‍ ഒരു സ്വതന്ത്രയെ പിന്തുണച്ചപ്പോള്‍ ബി.ജെ.പി കൂടി അവരെ പിന്തുണച്ചു. അതാണ് പാര്‍ട്ടി നിലപാടിന് എതിരായത്. അതിനാണ് നടപടി എടുത്തത്. പ്രദേശിക വാശിയായിരുന്നു അവിടുത്തെ പ്രശ്നം. ബന്ധം വിച്ഛേദിച്ചാല്‍ അവര്‍ക്ക് എതിരായ നടപടി സ്വീകരിക്കും. കേരളം മുഴുവന്‍ യു.ഡി.എഫിന് ഒറ്റനിലപാടാണ്. ബി.ജെ.പിയും എസ്.ഡി.പി.ഐയും വോട്ട് ചെയ്തതിന്റെ പേരില്‍ എത്രയോ പഞ്ചായത്തുകളില്‍ രാജിവച്ചു. മറ്റത്തൂരിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിയില്‍ പോയെന്നു പറഞ്ഞത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ്. അടുത്തിടെയായി കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി കയറെടുക്കുന്നുണ്ട്. കര്‍ണാടക സംഭവത്തിലും മറ്റത്തൂരിലും മുഖ്യമന്ത്രി കയറെടുത്തു. മുഖ്യമന്ത്രിയായി ഇരിക്കുന്ന ആള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10