Logo
Sat, Jun 13, 2026 • 07:20 AM
LIVE TV
Watch

No business videos available

No Middle East videos available

'ഇത്ര വേഗം പ്രതീക്ഷിച്ചില്ല, സിബിഐയിൽ പൂർണ്ണ വിശ്വാസം'; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിൽ പ്രതികരിച്ച് ഭാര്യ മഞ്ജുഷയും സഹോദരനും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 31, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'ഇത്ര വേഗം പ്രതീക്ഷിച്ചില്ല, സിബിഐയിൽ പൂർണ്ണ വിശ്വാസം'; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിൽ പ്രതികരിച്ച് ഭാര്യ മഞ്ജുഷയും സഹോദരനും



കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വലിയ ആശ്വാസമേകുന്നതാണെന്ന് കുടുംബം പ്രതികരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് സംസാരിച്ചപ്പോൾ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചതെന്നും എന്നാൽ ഇത്ര വേഗത്തിൽ സിബിഐ അന്വേഷണ ഉത്തരവ് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ വലിയ പ്രതീക്ഷയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് കോടതിയിൽ ഉൾപ്പെടെ സ്വീകരിച്ചിരുന്നത്. നിലവിലെ പൊലീസ് അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു മുൻ സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള നടപടികൾ പുറത്തുവന്നതോടെയാണ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടതെന്ന് പ്രവീൺ ബാബു ചൂണ്ടിക്കാട്ടി. മരണകാരണത്തിൽ ഉൾപ്പെടെ ആദ്യഘട്ടം മുതൽ കുടുംബം ഉന്നയിച്ച സംശയങ്ങളിൽ സിബിഐ കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിലവിലെ അന്വേഷണത്തിലെ ആശങ്കകൾ പങ്കുവെച്ചതും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതും. ഇതിന് പിന്നാലെയാണ് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്.

2024 ഒക്ടോബർ 15-നാണ് കണ്ണൂർ എഡിഎമ്മമായിരുന്ന നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, അന്നത്തെ കളക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത് എന്നാണ് കേസ്. ഈ കേസിൽ പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10