Logo
Fri, Jun 12, 2026 • 11:40 PM
LIVE TV
Watch

No business videos available

No Middle East videos available

ചരിത്രം വഴിമാറുന്നു; ചുവപ്പുകോട്ടകള്‍ തകര്‍ന്നു, ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഭരണമില്ലാത്ത പാര്‍ട്ടിയായി സി.പി.എം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 05, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ചരിത്രം വഴിമാറുന്നു; ചുവപ്പുകോട്ടകള്‍ തകര്‍ന്നു, ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഭരണമില്ലാത്ത പാര്‍ട്ടിയായി സി.പി.എം




അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവപ്പുപ്പടയോട്ടത്തിന്റെ അടയാളമായിരുന്ന കേരളം ഒടുവില്‍ കൈവിട്ടു. പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, 59 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു. കേവലം ഒരു തെരഞ്ഞെടുപ്പ് തോല്‍വി എന്നതിലുപരി, പാര്‍ട്ടിയുടെ അടിത്തറയായ കണ്ണൂരിലും ആലപ്പുഴയിലും ഉണ്ടായ വിള്ളലുകള്‍ സി.പി.എമ്മിന്റെ അന്ത്യകൂദാശയായി വിലയിരുത്തപ്പെടുന്നു.

സിപിഎമ്മിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കണ്ണൂരിലേറ്റ പരാജയം നേതൃത്വത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. അഞ്ചു ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും കൈവിട്ടുപോയത് ഭരണവിരുദ്ധ തരംഗം കൊണ്ടുമാത്രമല്ല, മറിച്ച് പാര്‍ട്ടിക്കുള്ളിലെ ധിക്കാരത്തിനും ഏകാധിപത്യത്തിനുമെതിരെ അണികള്‍ തന്നെ രംഗത്തിറങ്ങിയതുകൊണ്ടാണ്. സുരക്ഷിത മണ്ഡലമെന്ന് കരുതിയ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് വിയര്‍ക്കേണ്ടി വന്നത് സ്വന്തം അണികളില്‍ ഒരു വിഭാഗം പാര്‍ട്ടി നിലപാടുകളെ തള്ളിക്കളഞ്ഞതിന്റെ സൂചനയാണ്.

തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധം വോട്ടെണ്ണിയപ്പോള്‍ പ്രതിഫലിച്ചു. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ ചോദ്യം ചെയ്ത് സ്വതന്ത്രനായി മത്സരിച്ച ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ വിജയം പിണറായി-ഗോവിന്ദന്‍ അച്ചുതണ്ടിനേറ്റ കനത്ത പ്രഹരമാണ്. പയ്യന്നൂരിലാകട്ടെ, രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ സത്യസന്ധത ഉയര്‍ത്തിപ്പിടിച്ച വി. കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയ നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് അദ്ദേഹത്തിന്റെ ഉജ്ജ്വല വിജയം. പാര്‍ട്ടിയെ വെല്ലുവിളിച്ച് രണ്ട് വിമതര്‍ കണ്ണൂരില്‍ ജയിച്ചുകയറുന്നത് ചരിത്രത്തിലാദ്യം.

ആലപ്പുഴയില്‍ ജി. സുധാകരന്റെ വിജയം സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ മുഖത്തേറ്റ വലിയൊരു അടിയാണ്. പ്രായപരിധിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട സുധാകരന്‍, പാര്‍ട്ടിയെ ഒന്നടങ്കം വെല്ലുവിളിച്ച് അമ്പലപ്പുഴയില്‍ നേടിയ വിജയം നയങ്ങളുടേയും വ്യക്തിഹത്യയുടേയും പരാജയമാണ്. ശരികള്‍ പറയുന്നവരെ പുറന്തള്ളുന്ന പാര്‍ട്ടി നയത്തിനുള്ള തിരിച്ചടിയായി സുധാകരന്റെ വിജയം വിലയിരുത്തപ്പെടും.

തിരുത്തല്‍ ശക്തിയാകേണ്ട മുഖ്യമന്ത്രി തന്നെ ജീര്‍ണ്ണതയുടെ ഭാഗമായെന്ന അണികളുടെ ചിന്തയും, നേതാക്കള്‍ തമ്മിലുള്ള പരസ്യമായ അകല്‍ച്ചയും കോട്ടകളെ ഉലച്ചു. ആരോപണവിധേയരും കളങ്കിതരുമായ നേതാക്കള്‍ക്ക് നല്‍കിയ അമിത പ്രാധാന്യവും, അതേസമയം സത്യസന്ധരായ അണികളെ അവഗണിച്ചതും വോട്ടര്‍മാരെ പാര്‍ട്ടിക്കെതിരെ ചിന്തിപ്പിച്ചു.

പരാജയം മുന്നില്‍ കാണുമ്പോഴെല്ലാം 'ക്യാപ്സ്യൂളുകള്‍' ഇറക്കി പ്രതിരോധിച്ചിരുന്ന പാര്‍ട്ടി സൈബര്‍ പടയ്ക്കും ഇനി വായടക്കേണ്ടി വരും. അധികാര ഗര്‍വ്വും ജനഹിതം മാനിക്കാത്ത പ്രവണതയും പാര്‍ട്ടിയെ നാമാവശേഷമാക്കിയെന്ന് താഴേത്തട്ടിലുള്ള അണികള്‍ തുറന്നുപറയുന്നു. സ്വന്തം ജില്ലയിലെ പരാജയത്തിന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയേണ്ടി വരും.

മൂന്ന് പതിറ്റാണ്ടിലേറെ ബംഗാള്‍ ഭരിച്ച സി.പി.എം ഇന്ന് അവിടെ നാമമാത്രമായ സാന്നിധ്യമായി ഒതുങ്ങി. വടക്കുകിഴക്കന്‍ മണ്ണായ ത്രിപുരയില്‍ 2018-ല്‍ തുടങ്ങിയ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അവസാനത്തെ തുരുത്തായ കേരളവും ഇടതുപക്ഷത്തെ കൈവിടുന്നത്. കേരളത്തിലെ പരാജയത്തോടെ ഇന്ത്യന്‍ ജനാധിപത്യ ഭൂപടത്തില്‍ ഭരണമില്ലാത്ത ഒരു സൈദ്ധാന്തിക പാര്‍ട്ടിയായി സി.പി.എം ചുരുങ്ങി. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10