Logo
Sun, Jun 14, 2026 • 04:39 PM
LIVE TV
Watch

No business videos available

No Middle East videos available

സൊഹ്‌റാബുദ്ദീന്‍ കേസില്‍ ബിജെപിയെ വെള്ള പൂശാന്‍ കുതന്ത്രം പുറത്തെടുത്ത് ജയ്റ്റ്‌ലി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 01, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സൊഹ്‌റാബുദ്ദീന്‍ കേസില്‍ ബിജെപിയെ വെള്ള പൂശാന്‍ കുതന്ത്രം പുറത്തെടുത്ത് ജയ്റ്റ്‌ലി
ന്യൂദല്‍ഹി: നരേന്ദ്ര മോദിയെയും അമിതാ ഷായെയും സംശയ നിഴലിലാക്കിയ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിനെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍ തീവ്രമായിരിക്കവേ തന്നെ വാദികളെ പ്രതികളാക്കുന്ന കുതന്ത്രവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചതായും കേസ് അന്വേഷണം അട്ടിമറിച്ചത് കോണ്‍ഗ്രസ് ആണെന്നും ജയ്റ്റ്‌ലി ആരോപിച്ചു. സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്തിയെന്ന കേസില്‍ എല്ലാ പ്രതികളേയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഈയിടെ വെറുതെവിട്ടതിനെച്ചൊല്ലി വിവാദം രൂക്ഷമാണ്. ഇതിന് പിന്നാലെ സൊഹ്‌റാബുദ്ദിനേയും ജസ്റ്റിസ് ലോയയേയും അടക്കമുള്ളവരെ ആരും കൊന്നിട്ടില്ല എന്ന് പറഞ്ഞുള്ള വിമര്‍ശന , പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. അതേസമയം രാഹുലിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സൊഹ്‌റാബുദ്ദീന്‍ കേസ് ജയ്റ്റ്‌ലി എടുത്തിടുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. '2013 സെപ്റ്റംബര്‍ 27ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഒരു കത്ത് നല്‍കിയിരുന്നു. കേസ് അന്വേഷണത്തിലെ രാഷ്ട്രീയവത്കരണത്തെക്കുറിച്ച് ആ കത്തില്‍ സൂചിപ്പിച്ചിരുന്നു. അന്ന് ഞാനെഴുതിയ ഓരോ വാക്കും ശരിയാണെന്നാണ് അഞ്ച് വര്‍ഷം കൊണ്ട് വ്യക്തമായിരിക്കുന്നത്.'- ജെയ്റ്റ്‌ലിയുടെ അവകാശവാദം ഇങ്ങനെ. അതേസമയം, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളെ മുഴുവന്‍ കുറ്റവിമുക്തരാക്കിയ വിധി പ്രസ്താവനയ്ക്ക് ശേഷമുള്ള സിബിഐ പ്രത്യേക ജഡ്ജിയുടെ നടപടി വിവാദമായിരുന്നു. വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്തുവിടുന്നതിനു മുമ്പു തന്നെ ജഡ്ജി ജെ. എസ് ശര്‍മ ചില മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി, സിബിഐക്കെതിരായ തന്റെ വിധി ന്യായത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് വിശദീകരിച്ചു. രാഷ്ട്രീയ നേതാക്കളെ കുടുക്കാന്‍ വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സിബിഐ ചെയ്തതെന്ന് അദ്ദേഹം വിധി ന്യായത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു. ഇതിനുപുറമെ കേസില്‍നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിധിന്യായത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. കേസിന്റെ വിചാരണയ്ക്ക് മുന്നെ തന്നെ അമിത് ഷാ പ്രതിപട്ടികയില്‍നിന്ന് ഒഴിവായിരുന്നു. അമിത് ഷായെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ബോധപൂര്‍വമാണെന്നാണ് വിധി ന്യായത്തില്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യമാണ് ജഡ്ജി ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചത്. 2014 ലാണ് അന്ന് കേസില്‍ 16ാം പ്രതിയായിരുന്ന അമിത് ഷായെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയത്. ജഡ്ജി ഗോസാവിയായിരുന്നു അമിത് ഷായെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അമിത് ഷായുടെ ഹര്‍ജി പരിഗണിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ജഡ്ജി ബി എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം സംശയങ്ങള്‍ ഉണ്ടെന്ന് പിന്നീട് കാരവന്‍ മാഗസിന്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്തി. അമിത് ഷാ പ്രതിപട്ടികയില്‍നിന്ന് ഒഴിവായതിനെ തുടര്‍ന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കേസില്‍നിന്ന് ഒഴിവായത്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍, താഴെ തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ മാത്രമായി കേസിലെ പ്രതികള്‍. ഇവരെയാണ് ജഡ്ജി ശര്‍മ്മ ഈയിടെ കുറ്റവിമുക്തരാക്കിയത്. കേസ് സത്യസന്ധമായി അന്വേഷിക്കുകയല്ല, മറിച്ച് ചിലരെ കുടുക്കാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്നാണ് വിധിന്യായത്തില്‍ പറഞ്ഞത്. വിധിയില്‍ കേസില്‍ പ്രതിയല്ലതായ അമിത് ഷായെക്കുറിച്ച് പരാമര്‍ശിക്കുന്ന ജഡ്ജി, വിചാരണ വേളയില്‍ അദ്ദേഹത്തിനെതിരായ തെളിവുകളെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകരെ വിലക്കിയിരുന്നതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. 2005 നവംബര്‍ 26 നാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. ഗുജറാത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ ലക്ഷര്‍ ഇ തൊയ്ബ ഏര്‍പ്പെടുത്തിയ വാടക കൊലയാളിയാണ് ഇയാളെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. എന്നാല്‍ ഗുജറാത്ത് പൊലീസിന്റെ തന്നെ അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സി.ബി.ഐയും സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. സൊഹ്‌റാബുദ്ദിനൊപ്പം അയാളുടെ ഭാര്യ കൗസര്‍ ബിയും കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അറിയാമായിരുന്ന പ്രജാപതി 2006 ഡിസംബര്‍ 28 നും കൊല്ലപ്പെട്ടു. ഈ മൂന്ന് കേസിലെയും പ്രതികളെയാണ് വിചാരണ കോടതി കുറ്റവിമുക്തരാക്കിയത്. വിധി ന്യായത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിധിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10