പ്രിയപ്പെട്ട പിടിക്ക് യാത്രാമൊഴി നേരാന്‍ ആയിരങ്ങള്‍; മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു

Jaihind Webdesk
Thursday, December 23, 2021

 

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്‍റെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് വീട്ടിലും വഴിയോരത്തും കാത്തുനിന്നത്. വീട്ടിൽ ബന്ധുക്കളും കുടുംബ സുഹൃത്തുകളും അന്ത്യാഞ്ജലി അർപ്പിക്കും.

തുടർന്ന് എറണാകുളം ഡിസിസി ഓഫീസ്, എറണാകുളം ടൗൺ ഹാൾ, തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലേക്ക് ഭൌതികദേഹം കൊണ്ടു പോകും. പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് 5.30 ഓടെ കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. രാഹുൽ ഗാന്ധി  ടൗൺ ഹാളില്‍ എത്തി ആദരവർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പിടി തോമസിന് ആദരവ് അർപ്പിക്കാനായി ഇവിടെ എത്തിച്ചേരും.

പുലർച്ചെ നാല് മണിയോടെ ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം വിലാപയാത്രയായാണ് കൊച്ചിയിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കാത്തുനിന്നത്. വൈകാരികമായ അന്തരീക്ഷത്തിനാണ് ഉപ്പുതറയും തൊടുപുഴയും സാക്ഷ്യം വഹിച്ചത്. പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞപ്പോള്‍ തീർത്തും വികാരനിർഭരമായ നിമിഷങ്ങളാണ് കടന്നുപോയത്. പിടി തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന് വ്യക്തമാക്കുന്നതായി കാത്തുനിന്ന ജനസഞ്ചയം.

അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന പിടി തോമസ് ബുധനാഴ്ച രാവിലെ 10.15 നാണ് അന്തരിച്ചത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. നാല് തവണ നിയമസഭയിലേക്കും ഇടുക്കിയില്‍ നിന്ന് ഒരുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.