സ്പ്രിങ്ക്ളർ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾ വീണ തായ്ക്കണ്ടിയുടെ ഐടി കമ്പനിക്ക് ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിടി തോമസ് എം എൽ എ. വിവാദങ്ങൾക്ക് പിന്നാലെ വീണയുടെ ഐടി കമ്പനിയുടെയും സ്പ്രിങ്കളറിൻ്റേയും വെബ്സൈറ്റുകൾ സസ്പെൻ്റ് ചെയ്യപ്പെട്ടുവെന്നു പി.ടി തോമസ് ചൂണ്ടിക്കാട്ടി. വീണ തായ്ക്കണ്ടിയുടെ എക്സലോജിക് സൊലൂഷൻ എന്ന ബംഗ്ലൂരിലെ ഐടി കമ്പനിയുടെ വെബ് സൈറ്റാണ് സസ്പെൻറ് ചെയ്യപ്പെട്ടതെന്നും പി.ടി തോമസ് പറഞ്ഞു.
സ്പ്രിങ്കളർ കരാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട പി.ടി തോമസ്, ഇന്ന് കൂടുതൽ തെളിവുകളുമായി രംഗത്തെത്തി. വിവാദങ്ങൾക്ക് പിന്നാലെ സ്പ്രിങ്ക്ളർ ഇന്ത്യ കമ്പനിയുടെ എല്ലാ വിവരങ്ങളും വെബ് സൈറ്റിൽ മാസ്ക് ചെയ്തതായി പി.ടി തോമസ് പറഞ്ഞു. ഒപ്പം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ തായ്ക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള ഐ ടി കമ്പനിയുടെ വെബ് സൈറ്റ് അക്കൗണ്ടും സസ്പെൻൻ്റ് ചെയ്തിരിക്കുന്നതായി പി.ടി തോമസ് ചൂണ്ടിക്കാട്ടി. സ്പ്രിങ്ക്ളറും വീണയുടെ എക്സലോജിക് സൊലൂഷൻ എന്ന ബംഗ്ലൂരിലെ ഐടി കമ്പനിയും തമ്മിൽ ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ മുതലാണ് വീണാ തായ്ക്കണ്ടിയുടെ ഐ ടി കമ്പനി വെബ് സൈറ്റ് സസ്പെൻറ് ചെയ്യപ്പെട്ടിട്ടുള്ളത്. ലാവലിൻ കരാറിൻ്റെ കൺസൾട്ടൻസി കരാർ, സപ്ലൈ കരാറായതുപോലെ സ്പ്രിങ്ക്ളർ കരാർ വിവാദമായതോടെ സൗജന്യ സേവനമായി മുഖ്യമന്ത്രി മാറ്റിയെന്നും പിടി തോമസ് ആരോപിച്ചു.
കേരള ജനതയെ വിദേശ കമ്പനിക്ക് വിറ്റതിന് എന്ത് ലഭിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, വ്യക്തി വിവരങ്ങൾ കൈമാറുന്നത് മെഡിക്കൽ എത്തിക്സിനും ജനങ്ങളുടെ സ്വകാര്യതക്കും എതിരായ നടപടിയാണെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.