പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാന്‍ പി.എസ്.സി ; നിലവിലെ ലിസ്റ്റുകള്‍ നീട്ടില്ല ; ഉദ്യോഗാർത്ഥികളെ പറഞ്ഞ് പറ്റിച്ച് സർക്കാർ

Jaihind Webdesk
Monday, August 2, 2021


പുതിയ റാങ്ക്‌ലിസ്റ്റിന് പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകാന്‍ പിഎസ്സി തീരുമാനം. ട്രിബ്യൂണല്‍ വിധിക്കെതിരെ കേസുമായി മുന്നോട്ടുപോകും. ഒരു ലിസ്റ്റ് മാത്രം നീട്ടണമെന്ന സമീപനം പിഎസ്‌സിക്ക് എടുക്കാനാകില്ലെന്ന് യോഗത്തില്‍ തീരുമാനം. 493 ലിസ്റ്റുകളുടെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് പി.എസ്.സിയുടെ തീരുമാനം.

നാളെ അവസാനിക്കുന്ന പി.എസ്.സി റാങ്കു പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത് അതിനെ പാർട്ടി സർവീസ് കമ്മീഷനായി മാറ്റുകയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നൽകിക്കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു.

ഭരണഘടനാ സ്ഥാപനത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗാർഥികളെ ശത്രുക്കളായല്ല മക്കളായി കണ്ട് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.