മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ആത്മഹത്യ : പ്രതിഷേധം ശക്തം; കെഎസ് യു മാർച്ചിന് നേരെ അക്രമം; പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Jaihind News Bureau
Tuesday, March 3, 2020

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോളേജ് അധികൃതർക്കെതിരെ കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മലബാർ ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പൽ ഗോഡ്‌വിൻ സാമ്രാട്ടിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കെ.എസ്.യുവിന്‍റെ നേതൃത്വത്തിൽ കോളേജ് ഉപരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയത്. കോളേജിലേക്ക് നടത്തിയ മാർച്ച്‌ റോഡിൽ വെച്ചു പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

തുടർന്നും പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. കെ.എസ്.യു ജില്ല പ്രസിഡന്‍റ്‌ വി.ടി നിഹാൽ ഉൾപ്പെടെ 30 ഓളം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.