സ്വര്‍ണക്കടത്ത് കേസില്‍ കേരള സര്‍ക്കാര്‍ പോറ്റമ്മ നാടിനെ അപമാനിച്ചെന്ന് യുഎഇ പ്രവാസികള്‍ : ജൂലൈ 10 ന് ഷാര്‍ജയില്‍ ഏകദിന ഉപവാസം ; പ്രതിഷേധം കടല്‍കടക്കുന്നു

B.S. Shiju
Wednesday, July 8, 2020

ദുബായ് : വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള സര്‍ക്കാര്‍ യുഎഇയെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവാസികള്‍ യുഎഇയില്‍ ഏകദിന ഉപവാസം നടത്തുന്നു. പ്രവാസി മലയാളികളായ ലക്ഷങ്ങളുടെ പോറ്റമ നാടായ യുഎഇയെ,  സ്വര്‍ണ്ണക്കടത്തുമായി കൂട്ടി ചേര്‍ത്തതിലുള്ള പ്രതിഷേധമാണ് ഉപവാസമായി മാറുന്നത്. കോണ്‍ഗ്രസ് കൂട്ടായ്മയായ ‘ഇന്‍കാസിന്‍റെ’ യുഎഇ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഏകദിന ഉപവാസം.

പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളുടെ ആത്മബന്ധമുള്ള യുഎഇയെയാണ്, ഒരു സ്വര്‍ണ്ണക്കടത്തിന്‍റെ പേരില്‍ കേരള സര്‍ക്കാര്‍ അപമാനിച്ചതെന്ന്, കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആരോപിച്ചു. യുഎഇയെ സ്വര്‍ണ്ണക്കടത്തുമായി കൂട്ടിചേര്‍ക്കുകയും കുറ്റം ചെയ്ത പ്രതികളെ  അറസ്റ്റ് ചെയ്യാതെ ഒത്തുകളി നടത്തുന്ന കേരള സര്‍ക്കാരിന് എതിരെയാണ് ഈ ഏകദിന ഉപവാസമെന്നും നേതൃത്വം വ്യക്തമാക്കി. ജൂലൈ പത്ത് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഷാര്‍ജയിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്.

ഇന്‍കാസ് കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ടി.എ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്‍റ് അഡ്വ. വൈ. എ. റഹീം എന്നിവരാണ് ഏകദിന ഉപവാസം നടത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇടപെടല്‍, കേസിന്‍റെ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഇതില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണെന്നും ഇന്‍കാസ് ആരോപിച്ചു. സ്വര്‍ണ്ണ കടത്തുമായ് ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മിറ്റി പൂര്‍ണ്ണ പിന്തുണ അറിയിച്ചു.