വിഴിഞ്ഞം സമരം 26-ാം ദിവസം: ഉപവാസ സമരവും തുടരുന്നു; മുഖം തിരിച്ച് സര്‍ക്കാർ

Jaihind Webdesk
Saturday, September 10, 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന തുറമുഖ ഉപരോധ സമരം ഇന്ന് 26 -ാം ദിവസത്തിലേക്ക് കടന്നു. റിലേ ഉപവാസ സമരവും തുടരുകയാണ്.അതേസമയം സമരത്തിന് നേരെ മുഖം തിരിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

വെട്ടുകാട്, ചെറുവെട്ടുകാട്, സെന്‍റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം.  ഉപവാസ സമരവും തുടരുകയാണ്. മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്. അതേസമയം സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സമരം വ്യാപിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.  സമരസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് മൂലമ്പള്ളിയും, ചെല്ലാനവും ഉൾപ്പടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാന്‍ തീരുമാനമായത്.

കൊച്ചി , ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളത്ത് ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. വൈകിട്ട് നാലിന് ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യചങ്ങല തീർക്കുക. ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം ഫോർട്ട് കൊച്ചി വരെ വ്യാപിപ്പിക്കുക, വിഴിഞ്ഞം തുറമുഖം വിദഗ്ധ പഠനം നടത്തുക, തീര സുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമുഖ നിർമാണം നിര്‍ത്തിവെക്കുക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് 17,000 പേർ പങ്കെടുക്കുന്ന മനുഷ്യച്ചങ്ങല തീർക്കുന്നത്.